കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത പത്ത് പേർ അറസ്റ്റിൽ

തിരുവനന്തപുരം : സൈബർ ലോകത്ത് കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി പൊലീസ് നടത്തിയ റെയ്ഡിൽ 10 പേർ അറസ്റ്റിലായി.പി – ഹണ്ട് എന്ന പേരിൽ നടത്തിയ റെയ്ഡിൽ 46 കേസുകൾ രജിസ്റ്റർ ചെയ്തു. ദൃശ്യങ്ങൾ ശേഖരിക്കാൻ ഉപയോഗിച്ച 123 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു.
ആലപ്പുഴയിലും എറണാകുളം റൂറലിലും ഒരാൾ വീതവും ഇടുക്കിയിലും കൊച്ചി സിറ്റിയിലും രണ്ടുപേർ വീതവും മലപ്പുറത്ത് നാലു പേരുമാണ് അറസ്റ്റിലായത്. സംസ്ഥാന വ്യാപകമായി 389 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.അതേസമയം എട്ട് വർഷത്തിനിടെ 33,088 കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തതായാണ് വിവരം. . 225കുട്ടികൾ കൊല്ലപ്പെട്ടു.
10,168കുഞ്ഞുങ്ങൾ ലൈംഗിക അതിക്രമത്തിനിരയായി. 1667കുട്ടികളെ തട്ടിക്കൊണ്ടുപോയി. ഇക്കാലയളവിൽ 74ശൈശവ വിവാഹങ്ങളുമുണ്ടായി. പോക്സോ കേസുകളേറെയും തിരുവനന്തപുരത്താണ്. പ്രതികളിലേറെയും അയൽക്കാരും ബന്ധുക്കളും രക്ഷിതാക്കളുടെ സുഹൃത്തുക്കളും അദ്ധ്യാപകരുമാണ്. 2022ലെ 4518പോക്സോ കേസുകളിൽ 115സ്ത്രീകളടക്കം 5002പ്രതികളുണ്ട്. 2022ലെ 4518കേസുകളിൽ വിധിയായത് 68ൽമാത്രം. ഇതിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് എട്ടെണ്ണത്തിൽ. 13,000ത്തോളം കേസുകൾ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.