കേന്ദ്ര വിഹിതം കിട്ടിയില്ല; പി.എം.എ.വൈ പദ്ധതി മുടങ്ങി, വീട് കിട്ടാതെ 1.02 ലക്ഷം ഗുണഭോക്താക്കൾ

കേന്ദ്രസർക്കാർ പദ്ധതിവിഹിതം നൽകാത്തതിനാൽ സംസ്ഥാനത്ത് രണ്ടു വർഷമായി പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ.) ഭവന പദ്ധതി മുടങ്ങി. ഇതോടെ കേന്ദ്രാവിഷ്കൃത പദ്ധതി ഗുണഭോക്തൃ പട്ടികയിലുള്ള 1,02,744 കുടുംബങ്ങളുടെ വീട് നിർമാണം ഇനിയും തുടങ്ങാനായിട്ടില്ല.
പി.എം.എ.വൈ.യിലുള്ളതിനാൽ മറ്റ് ഭവന പദ്ധതികളുടെ പട്ടികയിൽ ഇവർ ഉൾപ്പെട്ടിട്ടില്ല. സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഭൂമിയുള്ള ഭവനരഹിതർക്ക് വീട് നിർമിച്ച് നൽകുകയാണ് ലക്ഷ്യം.
ഒരു വീടിന് നാല് ലക്ഷം രൂപ നൽകും. 2.1 ലക്ഷം രൂപ കേന്ദ്രവും പഞ്ചായത്ത് 70,000 രൂപയും ജില്ലാ പഞ്ചായത്ത് 1.2 ലക്ഷം രൂപയും നൽകും. ജില്ലാ-ഗ്രാമ പഞ്ചായത്തുകൾ ഇതിനായി നീക്കി വെച്ചിരിക്കുന്ന പദ്ധതിവിഹിതം രണ്ടു വർഷമായി വെറുതേ കിടക്കുകയാണ്. പട്ടിക തയ്യാറാക്കിയിട്ട് നാലുവർഷം, പൂർത്തിയായത് 32,337 വീടുകൾ
2018-19 ലാണ് കേന്ദ്രസർക്കാർ നിലവിലെ ഗുണഭോക്തൃപ്പട്ടിക തയ്യാറാക്കിയത്. ഇതിൽ 1,37,913 കുടുംബങ്ങളാണ് ഉൾപ്പെട്ടത്. 2021-ൽ ആദ്യഘട്ടത്തിൽ വീട് നിർമിക്കേണ്ട 35,169 പേരുടെ പട്ടികയ്ക്ക് അംഗീകാരം നൽകി ഫണ്ട് അനുവദിച്ചു. ഇതിൽ 80 ശതമാനം പൂർത്തിയാക്കിയാൽ അടുത്ത ഘട്ടത്തിലേക്ക് കേന്ദ്രഫണ്ട് ലഭിക്കും എന്നാണ് അറിയിച്ചിരുന്നത്.
32,337 വീടിന്റെ നിർമാണം 2022-ൽ പൂർത്തിയായി. 2832 വീടുകളാണ് ഇനി പൂർത്തിയാകാനുള്ളത്. ഇവയുടെ നിർമാണം അവസാന ഘട്ടത്തിലാണ്. എന്നിട്ടും കേന്ദ്ര വിഹിതം കിട്ടിയിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം പുതിയ കേന്ദ്രാവിഷ്കൃത ഭവനപദ്ധതി വരുമെന്നാണ് സൂചന.