പയ്യന്നൂരില്‍ കടയുടെ ഷട്ടര്‍ തകര്‍ത്ത് 25 മൊബൈല്‍ ഫോണുകളും 60,000 രൂപയും കവര്‍ന്നു

പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരത്തില്‍ വീണ്ടും മോഷണം. പഴയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ മൊബൈല്‍ ഷോപ്പിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് ഫോണുകളും പണവും കവര്‍ന്നു. അറുപതിനായിരത്തോളം രൂപയും 25 മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടതായാണ് പരാതി.
പഴയ ബസ്സ്റ്റാന്‍ഡിന് സമീപം സംസം മെഡിക്കല്‍സിനടുത്ത് പ്രവര്‍ത്തിക്കുന്ന കോറോം ചാലക്കോട് സ്വദേശി പി. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ സോണ്‍ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷണം നടന്നത്.
ശനിയാഴ്ച രാവിലെ സമീപത്തെ വ്യാപാരികള്‍ കടയുടെ ഷട്ടര്‍ തുറന്നുകിടക്കുന്നത് കണ്ട് ഉടമയെ വിവരമറിയിച്ചു. ഷോപ്പിനുള്ളില്‍ സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. സമീപത്തെ കണ്ണടക്കടയുടെ നിരീക്ഷണ ക്യാമറ തിരിച്ചുവെച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ മുകള്‍നിലയില്‍ നിന്ന് കൈയുറയും സംഭവസ്ഥലത്തു നിന്ന് മോഷ്ടാവിന്റേതെന്ന് കരുതുന്ന മാസ്‌കും കണ്ടെത്തി.
കണ്ണൂരില്‍നിന്നെത്തിയ വിരലടയാള വിദഗ്ധര്‍ വിരലടയാളങ്ങള്‍ ശേഖരിച്ചു. മണംപിടിച്ചെത്തിയ പോലീസ് നായ കെട്ടിടത്തിന്റെ മുകള്‍നിലയിലേക്ക് ഓടിക്കയറി കൈയുറ കിടന്ന സ്ഥലത്തെത്തിയ ശേഷം പഴയ ബസ്സ്റ്റാന്‍ഡ് ഭാഗത്തേക്കാണ് ഓടിയത്. മൊബൈല്‍ ഷോപ്പിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളില്‍ രാത്രി പന്ത്രണ്ടോടെയാണ് കവര്‍ച്ച നടക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.