വാട്‌സാപ്പില്‍ ഓപ്പണ്‍ എ.ഐ അധിഷ്ഠിത ചാറ്റ് ഫീച്ചര്‍ വരുന്നൂ; വിവരങ്ങളറിയാം

വാട്‌സാപ്പില്‍ എ.ഐ ചാറ്റ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. നിലവില്‍ ബീറ്റാ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പരിചയപ്പെടുത്തിയത്. വാട്‌സാപ്പിന്റെ 2.23.24.26 ബീറ്റാ വേര്‍ഷനിലാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്. എഐ ചാറ്റുകള്‍ക്കായി പ്രത്യേക ഷോര്‍ട്ട്കട്ട് ഇതില്‍ നില്‍കിയിട്ടുണ്ട്. ചാറ്റ്‌സ് ടാബിന്റെ സ്ഥാനത്താണ് ഇത് നല്‍കിയിരിക്കുന്നത്. ഇത് എളുപ്പം എ.ഐ ചാറ്റ് എടുക്കാന്‍ സഹായിക്കും.
നിലവില്‍ ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന കുറച്ച് പേര്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുക. എന്നാണ് ഈ ഫീച്ചര്‍ പൊതുവില്‍ ലഭ്യമാക്കുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. എങ്കിലും താമസിയാതെ തന്നെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് ഫീച്ചര്‍ എത്തിക്കാനുള്ള പദ്ധതികളാണ് കമ്പനിക്കുള്ളതെന്ന് ഓണ്‍ലൈന്‍ പോര്‍ട്ടലായ വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു.
വാട്‌സാപ്പ് ബീറ്റാ ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പിന്റെ പുതിയ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെയാണ് ബീറ്റാ പ്രോഗ്രാമിന്റെ ഭാഗമാവാന്‍ സാധിക്കുക.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വിവിധങ്ങളായ പുതിയ ഫീച്ചറുകള്‍ വാട്‌സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ചാറ്റ് ലോക്ക്, എച്ച്ഡി ഫോട്ടോ ഓപ്ഷന്‍, മെസേജ് എഡിറ്റ് ബട്ടന്‍, സ്‌ക്രീന്‍ ഷെയറിങ് തുടങ്ങിയവ അതില്‍ ചിലതാണ്. ഇതിന് പുറമെ രണ്ട് അക്കൗണ്ടുകള്‍ ഒരു ആപ്പില്‍ തന്നെ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്ന മള്‍ടിപ്പിള്‍ അക്കൗണ്ട് ഫീച്ചറും കമ്പനി അവതരിപ്പിച്ചിരുന്നു.