ദുബൈ അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ ഒരു മലയാളി യുവാവ് കൂടി മരിച്ചു

ദുബൈ: ദുബൈ അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ ഒരു മലയാളി യുവാവ് കൂടി മരിച്ചു. 26കാരനായ തലശ്ശേരി പുന്നോൽ സ്വദേശി നഹീൽ നിസാറാണ് മരിച്ചത്. അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. നേരത്തെ രണ്ടു മലയാളികള്‍ അപകടത്തില്‍ മരണപ്പെട്ടിരുന്നു.
നഹീൽ നിസാർ ഡമാക്ക് ഹോൾഡിങ് ജീവനക്കാരനാണ്. പുന്നോൽ കഴിച്ചാൽ പൊന്നബത്ത് പൂഴിയിൽ നിസാറിന്റെയും ഷഫൂറയുടെയും മകനാണ്. മൃതദേഹം ദുബൈയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഒക്ടോബർ 17 ന് രാത്രിയായിരുന്നു താമസ സ്ഥലത്തെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്.
സംഭവത്തിൽ മലപ്പുറം സ്വദേശിയും ബർദുബായിലെ ഫ്രൂട്ട്സ് ഷോപ്പിലെ ജീവനക്കാരനുമായ തിരൂർ പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല്ല (38), വിസിറ്റ് വിസയിൽ ജോലി തേടിയെത്തിയ തലശ്ശേരി ടെമ്പിൾ ഗേറ്റ് നിട്ടൂർ വീട്ടിൽ നിധിൻ ദാസ് (24) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഒരു യുവാവ് ചികിത്സയിൽ തുടരുകയാണ്.