ഉത്തരമേഖല ‘വെൺമ’ പുരസ്കാരം കൂത്തുപറമ്പിന്

Share our post

കൂത്തുപറമ്പ് : അഞ്ച് ജില്ലകളിലെ ഓഫീസുകളെ പിന്തള്ളി കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് ഓഫീസിന് ലഭിച്ച എക്സൈസിന്റെ 2023-ലെ ഉത്തരമേഖല വെൺമ പുരസ്കാരവും കമ്മിഷണേഴ്‌സ് ട്രോഫിയും ജീവനക്കാരുടെ പ്രവർത്തനമികവിനുള്ള അംഗീകാരം.

മികച്ച ഓഫീസ് പ്രവർത്തനം, ഓഫീസ് പരിസരശുചീകരണം, എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം, മികവാർന്ന അന്വേഷണം, കോടതിനടപടികളിലെ പ്രവർത്തനം തുടങ്ങിയവ വിലയിരുത്തിയാണ് പുരസ്കാരം. കഴിഞ്ഞ വർഷം ജില്ലയിലെ മികച്ച ഓഫീസിനുള്ള പുരസ്കാരം കൂത്തുപറമ്പിനായിരുന്നു. റെയ്ഞ്ച് ഇൻസ്‌പെക്ടർ കെ.ഷാജിയും 25-ഓളം ഉദ്യോഗസ്ഥരുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

വിമുക്തിയിൽ വൻ വിജയം

:ലഹരിവർജനമിഷൻ വിമുക്തി പദ്ധതി മികച്ച രീതിയിലാണ് റെയിഞ്ച് ഓഫീസ് സംഘം നടപ്പാക്കുന്നത്. സ്കൂളുകൾ കേന്ദ്രീകരിച്ച് ഒട്ടേറെ പരിപാടികൾ നടപ്പാക്കാൻ ഓഫീസിനായി. ലഹരി ബോധവത്കരണവുമായി ബന്ധപ്പെട്ട് ചിത്രരചന, ചെസ്, പ്രശ്നോത്തരി, കായികമത്സരങ്ങൾ എന്നിവ നടത്തി. കായികവിദ്യാർഥികൾക്ക് സാമ്പത്തികസഹായവും ലഭ്യമാക്കി.

പൊതുജന സമ്പർക്കം കൂടി

:മൂന്നുവർഷം മുൻപാണ് പാറാലിലെ വാടക കെട്ടിടത്തിൽനിന്ന് ഓഫീസ് സബ് ട്രഷറിക്ക് മുന്നിലുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നത്. ഇതോടെ പൊതുജനങ്ങൾ നേരിട്ട് ബന്ധപ്പെടുന്ന രീതിയിൽ ഓഫീസ് പ്രവർത്തനം മാറി. എളുപ്പമെത്താവുന്ന സ്ഥലത്തായതിനാൽ ആളുകൾ നേരിട്ട് പരാതി നൽകുന്നതും കൂടി.

പരിധിയിൽ ഉൾപ്പെടുന്നവ

:പാട്യം, കുന്നോത്ത്പറമ്പ്, മൊകേരി, പന്ന്യന്നൂർ, തൃപ്പങ്ങോട്ടൂർ, മാലൂർ, ചിറ്റാരിപ്പറമ്പ്, കോളയാട് എന്നീ പഞ്ചായത്തുകളും മാങ്ങാട്ടിടം പഞ്ചായത്തിലെ കണ്ടംകുന്ന് വില്ലേജും കൂത്തുപറമ്പ്, പാനൂർ നഗരസഭകളും ഓഫീസ് പരിധിയിലുൾപ്പെടും .കൂത്തുപറമ്പ്, കണ്ണവം, മാലൂർ, പേരാവൂർ, കതിരൂർ, പാനൂർ, കൊളവല്ലൂർ സ്റ്റേഷനുകളും റെയിഞ്ചിനകത്താണ്. കൂത്തുപറമ്പ് എക്സൈസ് റേയ്ഞ്ച് ഓഫീസിന് ഉത്തരമേഖല വെണ്മ പുരസ്കാരവും കമ്മിഷണേഴ്‌സ് ട്രോഫിയും

കൂട്ടായ്മയുടെ നേട്ടം

നാല് വനിതകളുൾപ്പെടെ 16 സിവിൽ എക്‌സൈസ് ഓഫീസർമാരും നാല് പ്രിവന്റീവ് ഓഫീസർമാരും ഒരു ഡ്രൈവറും ഒരു അസി. എക്സൈസ് ഇൻസ്പെക്ടറും ഒരു എക്സൈസ് ഇൻസ്പെക്ടറുമാണ് ഓഫീസിൽ പ്രവർത്തിക്കുന്നത്. ഓരോരുത്തരും അവരുടെ ജോലി ഭംഗിയായി നിർവഹിച്ചതിന്റെ ഫലമാണ് വെൺമ പുരസ്കാരം നേടാൻ സാധിച്ചത്.

കെ.ഷാജി

റെയ്ഞ്ച് ഇൻസ്‌പെക്ടർ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!