പറയാം, പരിഹരിക്കാം; നവകേരള സദസ്സിന്‌ ഇന്ന് തുടക്കം 

Share our post

തിരുവനന്തപുരം : രാജ്യത്ത് തന്നെ ആദ്യമായി മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളോട്‌ സംവദിക്കാനും പരാതികൾ പരിഹരിക്കാനും നേരിട്ടിറങ്ങുന്ന നവകേരള സദസ്സിന്‌ ശനിയാഴ്ച സംസ്ഥാനത്ത്‌ തുടക്കമാകും. ശനി പകൽ 3.30ന്‌ മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. 140 മണ്ഡലത്തിലും സഞ്ചരിച്ച്‌ ഡിസംബർ 23ന്‌ തിരുവനന്തപുരം വട്ടിയൂർക്കാവിൽ സമാപിക്കും.

നാടിന്റെ മുഖച്ഛായ മാറ്റാനും ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാനും എടുത്ത നടപടി ജനങ്ങളോട്‌ എൽ.ഡി.എഫ്‌ സർക്കാർ വിശദീകരിക്കും. ജനങ്ങളുടെ പ്രയാസങ്ങളും പരാതികളും കേൾക്കും. അവയ്‌ക്ക്‌ സമയബന്ധിതമായി പരിഹാരമുണ്ടാക്കും. സർക്കാരുമായി ബന്ധപ്പെട്ട ഏത്‌ കാര്യത്തിനും തലസ്ഥാനത്തേക്കോ ജില്ലാ കേന്ദ്രങ്ങളിലേക്കോ ഓടുന്ന ജനങ്ങളെ അവരുടെ അടുക്കലെത്തിച്ച്‌ പ്രശ്നപരിഹാര മാർഗമുണ്ടാക്കുകയാണ്‌ പ്രധാന ലക്ഷ്യം.

പരാതി സ്വീകരിക്കുന്നതിന്‌ വിപുല സൗകര്യം ഒരുക്കിയതിനൊപ്പം സമയബന്ധിതമായി അവയ്ക്ക്‌ തീർപ്പുണ്ടാക്കാനും സംവിധാനമായി. സ്‌ത്രീകൾക്കും മുതിർന്ന പൗരർക്കും പ്രത്യേകം കൗണ്ടറുണ്ട്‌. പരാതി പരിഹരിച്ച വിവരം, വൈകുമെങ്കിൽ എന്തുകൊണ്ട്‌ തുടങ്ങിയ കാര്യം രണ്ടാഴ്ചയ്‌ക്കുള്ളിൽ പരാതിക്കാരനെ അറിയിക്കും. നവകേരള സദസ്സ്‌ നിശ്ചയിച്ച വിധത്തിൽ കൃത്യമായി നടക്കുന്നതിനുവേണ്ടി മന്ത്രിസഭാ യോഗങ്ങൾപോലും അതത്‌ സ്ഥലത്താണ്‌ ചേരുക.

രാവിലെ ഒമ്പതിന്‌ അതത്‌ ദിവസത്തെ മണ്ഡലങ്ങളിൽനിന്നുള്ള ക്ഷണിക്കപ്പെട്ടവരുടെ ബഹുജന മണ്ഡലം സദസ്സോടുകൂടിയായിരിക്കും തുടക്കം. തുടർന്ന്‌ 11, ഉച്ചകഴിഞ്ഞ്‌ 3, 4.30, വൈകിട്ട്‌ 6 എന്നിങ്ങനെ നാല്‌ മണ്ഡലത്തിൽ സദസ്സ്‌ നടക്കും. അപൂർവം ദിവസങ്ങളിൽ മൂന്നും അഞ്ചും സദസ്സുണ്ട്‌. മന്ത്രിസഭാ യോഗമുള്ള ദിവസങ്ങളിൽ പ്രഭാത യോഗമുണ്ടാകില്ല. പരാതിയുടെ നിജസ്ഥിതി www.navakeralasadas.kerala.gov.in ൽ നിന്ന്‌ അറിയാം. മന്ത്രിസഭയ്ക്ക്‌ സഞ്ചരിക്കാൻ തയ്യാറാക്കിയ 25 സീറ്റ്‌ ബസ്‌ പിന്നീട് ബജറ്റ് ടൂറിസത്തിന്‌ ഉപയോഗിക്കും. നവകേരള സദസ്സിനെ ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ യു.ഡി.എഫിനുള്ളിൽത്തന്നെ പ്രതിഷേധം ശക്തമായി. ഘടകകക്ഷി എം.എൽ.എ.മാരും അസംതൃപ്തരാണ്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!