കേന്ദ്രത്തിന്റെ ടോട്ടക്‌സിന് പകരം കേരളത്തിന്റെ കാപെക്‌സ്‌ 

Share our post

തിരുവനന്തപുരം : കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച ടോട്ടക്‌സ്‌ രീതിയിലുള്ള വൈദ്യുതി മീറ്ററിന്‌ പകരം കേരളം ‘കാപെക്‌സ്‌’ രീതിയിൽ മീറ്ററുകൾ സ്ഥാപിക്കും. ഇതിനുള്ള വിശദ പദ്ധതി കെ.എസ്‌.ഇ.ബി തയ്യാറാക്കി. മൂലധന നിക്ഷേപവും വരുമാനവും കെ.എസ്‌.ഇ.ബി.യുടെ നിയന്ത്രണത്തിൽ നിലനിർത്തിയുള്ള ക്യാപിറ്റൽ എക്‌പെൻഡിച്ചർ (കാപെക്‌സ്‌) രീതിയിൽ മൂന്നു ലക്ഷം സ്‌മാർട്ട്‌ വൈദ്യുതി മീറ്റർ സ്ഥാപിക്കുന്നതിന്‌ ഉടൻ ടെൻഡർ ക്ഷണിക്കും. സർക്കാർ നിർദേശപ്രകാരം കെ.എസ്‌.ഇ.ബി നടപടി ആരംഭിച്ചു.

സ്‌മാർട്ട്‌ മീറ്റർ സ്ഥാപിക്കൽ, മീറ്റർ റീഡിങ്‌, തുക ശേഖരിക്കൽ എന്നിവ സ്വകാര്യ കുത്തക കമ്പനികളെ ഏൽപ്പിക്കുന്ന ടോട്ടക്‌സ്‌ (ടോട്ടൽ എക്‌സ്‌പെൻഡിച്ചർ) രീതി കേരളത്തിലെ സാധാരണ ഉപയോക്താക്കൾക്ക്‌ വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന്‌ കണ്ട്‌ ആദ്യം മുതൽ ഈ രീതിയെ കേരളം എതിർത്തിരുന്നു.

സംസ്ഥാനം ആവിഷ്‌കരിച്ച ബദൽ രീതിയിൽ പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള ചെലവ്‌ കെ.എസ്‌.ഇ.ബി വഹിക്കും. പദ്ധതിക്ക്‌ വിവിധ കരാറുകളായിരിക്കും. ആദ്യം സ്‌മാർട്ട്‌ മീറ്ററിന്‌ ടെൻഡർ ക്ഷണിക്കും. എന്നാൽ, ആ കമ്പനികൾക്ക്‌ മീറ്ററുകൾ കെ.എസ്‌.ഇ.ബി.ക്ക്‌ ലഭ്യമാക്കുന്നതിന്‌ അപ്പുറത്തേക്ക്‌ ഇടപെടാനാകില്ല. പദ്ധതിക്ക്‌ ആവശ്യമായ ഇന്റർനെറ്റ്‌ സേവനം, ഐ.ടി സേവനം, മറ്റ്‌ അടിസ്ഥാന സേവനങ്ങൾ എന്നിവയ്‌ക്കെല്ലാം പ്രത്യേക ടെൻഡറുകളാണ്‌ വിളിക്കുക. കേരളത്തിന്റെ സ്വന്തമായ കെ-ഫോൺ ഉൾപ്പെടെയുള്ള പൊതുമേഖലാ സേവനങ്ങൾ പ്രയോജനപ്പെടുത്താനാണ്‌ ലക്ഷ്യമിടുന്നത്‌. കേന്ദ്ര ഊർജമന്ത്രാലയം ആവശ്യപ്പെട്ട പ്രകാരം ഒരു മാസത്തിനകം കേരളത്തിന്റെ ബദൽ സ്‌മാർട്ട്‌ മീറ്റർ പദ്ധതിയുടെ സമഗ്ര റിപ്പോർട്ട്‌ കേന്ദ്ര സർക്കാരിന്‌ സമർപ്പിക്കുകയും ചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!