ഇസ്രയേൽ സൈന്യത്തിന്റെ കടന്നാക്രമണം; ഐ.സി.യു.വിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചു

Share our post

ഗാസ സിറ്റി : ഇസ്രയേൽ സൈന്യം അൽ ഷിഫ ആശുപത്രിയിലേക്ക്‌ കടന്നുകയറി നടത്തിയ ആക്രമണത്തിൽ ഒറ്റ രാത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്ന്‌ അൽ ഷിഫ ആശുപത്രി ഡയറക്ടർ മുഹമ്മദ്‌ അബു സാൽമിയ. വെള്ളിയാഴ്ച അൽ ജസീറയോടായിരുന്നു സാൽമിയയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഒറ്റ രാത്രിയിൽ ആശുപത്രിയിൽ 22 ജീവൻ പൊലിഞ്ഞു. ആശുപത്രി ഒരേസമയം വലിയ തടങ്കൽപാളയവും കൂട്ടക്കുഴിമാടവുമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം ദിനമായ വെള്ളിയാഴ്ചയും ഇസ്രയേൽ സൈന്യം ആശുപത്രിയിൽ തമ്പടിച്ചിരിക്കുകയാണ്‌. ഇന്ധനവും മരുന്നും ഭക്ഷണവും വെള്ളവുമില്ല. രോഗികളും ആരോഗ്യ അധികൃതരും അഭയം തേടിയവരും ഉൾപ്പെടെ ഏഴായിരത്തിലധികം പേരാണ്‌ കുടുങ്ങിക്കിടക്കുന്നത്‌. ഓരോ മിനിറ്റിലും ഒരാൾ എന്നവിധം മരിക്കുന്നു. ഇസ്രയേൽ നടത്തുന്നത്‌ യുദ്ധക്കുറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണ്‌–അൽ ഷിഫ ഡയറക്ടർ തുറന്നടിച്ചു.

അതിനിടെ, ജബാലിയ അഭയാർഥി ക്യാമ്പിലേക്ക്‌ ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. റാഫയിലെ കെട്ടിടങ്ങളും ബോംബിട്ടു തകർത്തു. നുസൈറത്‌ അഭയാർഥി ക്യാമ്പിലേക്കും ആക്രമണമുണ്ടായി.

വെസ്റ്റ്‌ ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിലേക്കുണ്ടായ ബോംബാക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ അൽ ഫലാ സ്കൂളിൽ ഇസ്രയേൽ ബോംബിട്ടതിൽ നിരവധി പേർ മരിച്ചു. നൂറിലധികം പേർക്ക്‌ പരിക്ക്‌. നാൽപ്പത്തി രണ്ട് ദിവസമായി തുടരുന്ന യുദ്ധത്തിൽ ഇതുവരെ 11,470 ഗാസ നിവാസികൾ കൊല്ലപ്പെട്ടതായാണ്‌ കണക്ക്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!