ഐ.സി.യു പീഡന പരാതി; ജീവനക്കാരെ സ്ഥലം മാറ്റി
കോഴിക്കോട് : ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സക്കിടെ ഐ.സി.യു.വില്‍ പീഡനത്തിനിരയായതായി പരാതിപ്പെട്ട സ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ കുറ്റാരോപിതരായ അഞ്ച് ജീവനക്കാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവിറങ്ങി. സസ്പെന്‍ഷന്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇവരെ തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്.
ഗ്രേഡ് രണ്ട് അറ്റന്‍ഡന്റ് പി.ഇ. ഷൈമ, അറ്റന്‍ഡന്റ് വി. ഷലൂജ, നഴ്‌സിങ് അസിസ്റ്റന്റ് പ്രസീത മനോളി എന്നിവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും ഗ്രേഡ് ഒന്ന് അറ്റന്‍ഡര്‍മാരായ ഷൈനി ജോസ്, എന്‍.കെ. ആസിയ എന്നിവരെ കോട്ടയം ഗവ. ആശുപത്രിയിലേക്കുമാണ് സ്ഥലം മാറ്റിയത്. ആസിയയുടെ ഇന്‍ക്രിമെന്റ് ആറുമാസത്തേക്ക് തടഞ്ഞ് വയ്ക്കണമെന്നും അഞ്ചുപേരുടെയും സസ്പെന്‍ഷന്‍ കാലയളവ് നോണ്‍ ഡ്യൂട്ടിയായി കണക്കാക്കണമെന്നും ഉത്തരവിലുണ്ട്.
2023 മാര്‍ച്ച് 18-നാണ് പരാതിക്കിടയായ സംഭവം. തൈറോയ്ഡ് ശസ്ത്രക്രിയക്കുശേഷം ഐസിയുവില്‍ അര്‍ധ ബോധാവസ്ഥയില്‍ കിടക്കുമ്പോള്‍ അതിജീവിതയെ അറ്റന്‍ഡര്‍ എം.എം. ശശീന്ദ്രന്‍ പീഡിപ്പിച്ചെന്നാണ് പരാതി. 20-ന് ശശീന്ദ്രനെ സസ്പെന്‍ഡ് ചെയ്തു. അടുത്ത ദിവസം ജീവനക്കാര്‍ അതിജീവിത കിടന്ന മുറിയിലെത്തി പരാതി പിന്‍വലിക്കാന്‍ സ്വാധീനം ചെലുത്തിയെന്നാണ് പരാതി.
23-ന് പരാതിയില്‍ പറഞ്ഞ അഞ്ച് പേരെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സെപ്തംബര്‍ 21-ന് സസ്പെന്‍ഷന്‍ മൂന്ന് മാസത്തേക്കുകൂടി നീട്ടി. ഈ കാലയളവ് പൂര്‍ത്തിയാക്കിയപ്പോഴാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്.