നവകേരളസദസിന്റെ ഭാഗമായി തലശേരി പൈതൃകം ടൂറിസം കേന്ദ്രങ്ങളിലേക്ക് സര്‍വീസുമായി കെ. എസ്.ആര്‍.ടി.സി

തലശേരി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന തലശ്ശേരി മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി വേറിട്ട പരിപാടികള്‍ ഒരുക്കുന്നു. തലശ്ശേരിയിലെ പൈതൃക ടൂറിസം കേന്ദ്രങ്ങള്‍ നേരില്‍ കണ്ടറിയാന്‍ നവംബര്‍ 18 മുതല്‍ 20 വരെ കെ.എസ്.ആര്‍.ടി.സി ബസ് യാത്ര നടത്തും.
മണ്ഡലത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പൈതൃക ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടാകും. തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് ആരംഭിച്ച് പൈതൃക ടൂറിസം കേന്ദ്രങ്ങളായ തലശ്ശേരി കോട്ട, ഇംഗ്ലീഷ് ചര്‍ച്ച്, ജവഹര്‍ഘട്ട്, ഓവര്‍ബറീസ് ഫോളി പാര്‍ക്ക്, ഇല്ലിക്കുന്ന് ഗുണ്ടര്‍ട്ട് മ്യൂസിയം എന്നിവിടങ്ങളിലേക്കാണ് യാത്ര നടത്തുക.രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകുന്നേരം വരെ നിരവധി യാത്രകള്‍ നടത്താന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണം.
മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ ഭാഗമാകാന്‍ അവസരമുണ്ടാകും. ചരിത്ര സ്മാരകങ്ങള്‍ നേരില്‍ കണ്ട് പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര. കണ്ടറിഞ്ഞ സ്ഥലങ്ങള്‍ എന്റെ യാത്ര എന്ന ഹാഷ് ടാഗില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കും.
നവംബര്‍ 17, 18, 19 തീയ്യതികളില്‍ മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബും അവതരിപ്പിക്കും. തലശ്ശേരി കോ ഓപറേറ്റീവ് നഴ്‌സിങ് കോളജിലെയും തിരുവങ്ങാട് എച്ച്. എസ്. എസിലെയും മൂന്നു ടീമുകളാണ് ഫ്‌ളാഷ് മോബ് അവതരിപ്പിക്കുക.
18നു വൈകിട്ട് നാലിന് തലശ്ശേരി നഗരത്തില്‍ വര്‍ണാഭമായ വിളംബര റാലി നടക്കും. ഇതേദിവസം വൈകുന്നേരം തലശ്ശേരിയില്‍ സെലിബ്രിറ്റി ക്രിക്കറ്റ് മത്സരവും അരങ്ങേറും. 19ന് വൈകിട്ട് നാലിന് തലശ്ശേരി കടല്‍പ്പാലത്ത് വിവിധ ബേക്കറി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ മെഗാകേക്ക് നിര്‍മാണവും ചിത്രകാര കൂട്ടായ്മയും സംഘടിപ്പിക്കും. നഗരസഭ, പഞ്ചായത്തു തലങ്ങളില്‍ സംഘാടക സമിതി രൂപീകരിച്ചാണ് വിവിധ പരിപാടികള്‍ നടത്തുന്നത്. നവംബര്‍ 21ന് വൈകിട്ട് നാലുമുതല്‍ തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നവകേരളസദസ് നടക്കുക.