കായിക താരങ്ങള്‍ക്ക് തപാല്‍വകുപ്പില്‍ അവസരം; 1899 ഒഴിവുകള്‍

Share our post

തപാല്‍ വകുപ്പിലെ വിവിധ തസ്തികകളിലേക്ക് കായികതാരങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 1899 ഒഴിവുണ്ട്. പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടിങ് അസിസ്റ്റന്റ്, പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡ്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികകളിലാണ് അവസരം. പത്താംക്ലാസ്/ പന്ത്രണ്ടാംക്ലാസ്/ ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

പോസ്റ്റല്‍ അസിസ്റ്റന്റ്-598, സോര്‍ട്ടിങ് അസിസ്റ്റന്റ്-143, പോസ്റ്റ് മാന്‍-585, മെയില്‍ ഗാര്‍ഡ്-3, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്-570 എന്നിങ്ങനെയാണ് ഓരോ തസ്തികയിലെയും ആകെയുള്ള ഒഴിവ്. കേരള സര്‍ക്കിളില്‍ പോസ്റ്റല്‍ അസിസ്റ്റന്റ്-31, സോര്‍ട്ടിങ് അസിസ്റ്റന്റ്-3, പോസ്റ്റ് മാന്‍-28, മെയില്‍ ഗാര്‍ഡ്-0, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്-32 എന്നിങ്ങനെയാണ് ഒഴിവുകള്‍.

വിദ്യാഭ്യാസ യോഗ്യത

പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടിങ് അസിസ്റ്റന്റ്: ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും.
പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡ്: പന്ത്രണ്ടാംക്ലാസ് വിജയവും കംപ്യൂട്ടര്‍ പരിജ്ഞാനവും. അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശിക ഭാഷ (കേരളം, ലക്ഷദ്വീപ്്, മാഹി എന്നിവിടങ്ങളിലേക്ക് മലയാളം) പത്താംക്ലാസിലോ ഉയര്‍ന്ന ക്ലാസുകളിലോ ഒരു വിഷയമായി പഠിച്ച് പാസായിരിക്കണം. ഭിന്നശേഷിക്കാര്‍ ഒഴികെയുള്ളവര്‍ക്ക് ലൈറ്റ് മോട്ടോര്‍/ ടൂ വീലര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. അതേസമയം പ്രാദേശിക ഭാഷ പരിജ്ഞാനമില്ലാത്തവര്‍ക്കും ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തവര്‍ക്കും തിരഞ്ഞെടുക്കപ്പെട്ടശേഷം ഈ യോഗ്യതകള്‍ നേടാമെന്ന വ്യവസ്ഥയോടെ അപേക്ഷിക്കാവുന്നതാണ്.
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്: പത്താംക്ലാസ് വിജയം.

പ്രായം: മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികയില്‍ 18-25 വയസ്സും മറ്റ് തസ്തികകളില്‍ 18-27 വയസ്സുമാണ് പ്രായപരിധി. എന്നാല്‍ ഉയര്‍ന്ന പ്രായപരിധിയിലെ ഓരോന്നിലും അഞ്ചുവര്‍ഷം വരെ ഇളവ് അനുവദിക്കും. എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്ക് പത്തുവര്‍ഷം വരെ ഇളവുണ്ടായിരിക്കും.
ശമ്പളം: പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടിങ് അസിസ്റ്റന്റ് തസ്തികകളില്‍ 25,500 – 81,100 രൂപ, പോസ്റ്റ് മാന്‍, മെയില്‍ ഗാര്‍ഡ് തസ്തികകളില്‍ 21,700- 69,100 രൂപ, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികയില്‍ 18,000 -56,900 രൂപ.

കായികയോഗ്യത: അന്തര്‍ദേശീയ മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധാനംചെയ്ത് പങ്കെടുത്തവര്‍ക്കാണ് തിരഞ്ഞെടുപ്പില്‍ ആദ്യ പരിഗണന. സീനിയര്‍/ ജൂനിയര്‍ തലത്തിലുള്ള ദേശീയ ചാംപ്യന്‍ഷിപ്പുകളില്‍ സംസ്ഥാനത്തെയോ കേന്ദ്രഭരണപ്രദേശത്തെയോ പ്രതിനിധാനംചെയ്ത് മൂന്നാംസ്ഥാനം വരെ നേടിയവരെയാണ് അടുത്തതായി പരിഗണിക്കുക.

അന്തര്‍ സര്‍വകലാശാലാ മത്സരങ്ങളില്‍ പങ്കെടുത്ത് മൂന്നാംസ്ഥാനം വരെ നേടിയവര്‍ക്കാണ് മൂന്നാമത്തെ പരിഗണന. ദേശീയ സ്‌കൂള്‍ സ്‌പോര്‍ട്സ്/ ഗെയിംസില്‍ സംസ്ഥാനത്തെ പ്രതിനിധാനംചെയ്ത് പങ്കെടുത്ത് മൂന്നാംസ്ഥാനം വരെ നേടിയവര്‍ക്കാണ് നാലാമത്തെ പരിഗണന. അഞ്ചാമതായി നാഷണല്‍ ഫിസിക്കല്‍ എഫിഷ്യന്‍സി ഡ്രൈവില്‍ പുരസ്‌കാരം നേടിയവരെ പരിഗണിക്കും. ദേശീയ ചാംപ്യന്‍ഷിപ്പിലോ അന്തര്‍സര്‍വകലാശാല മത്സരങ്ങളിലോ ദേശീയ സ്‌കൂള്‍ സ്‌പോര്‍ട്സ്/ ഗെയിംസുകളിലോ പങ്കെടുത്ത് മെഡലൊന്നും നേടാത്തവരെയാണ് അവസാനമായി പരിഗണിക്കുക. വ്യക്തിഗതയിനങ്ങള്‍ക്കും ടീമിനങ്ങള്‍ക്കും തിരഞ്ഞെടുപ്പില്‍ ഒരേ പരിഗണനയാണ് നല്‍കുക.

അപേക്ഷാഫീസ്: വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും ഇ.ഡബ്ല്യു.എസ്., എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഫീസ് ഇല്ല. മറ്റുള്ളവര്‍ 100 രൂപ ഓണ്‍ലൈനായി അടയ്ക്കണം. അപേക്ഷ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

https://dopsportsrecruitment.cept.gov.in എന്ന ലിങ്ക് വഴി അപേക്ഷിക്കാം. അപേക്ഷാസമര്‍പ്പണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളുള്‍പ്പെടെ വിശദവിവരങ്ങള്‍ www.indiapost.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 9. അപേക്ഷയില്‍ തിരുത്തല്‍ വരുത്തേണ്ടവര്‍ക്ക് ഡിസംബര്‍ 10 മുതല്‍ 14 വരെ സമയം അനുവദിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!