മൊബൈൽ ഇല്ല, ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കില്ല, കണ്ണൂർ കവർച്ചയിൽ പിടിയിലായ സംഘത്തിന് വിചിത്രരീതികൾ

Share our post

പരിയാരം: കണ്ണൂർ പരിയാരത്ത് വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും. സംഘത്തലവൻ സുള്ളൻ സുരേഷുൾപ്പെടെ നാലുപേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ്. അറസ്റ്റിലായ സഞ്ജീവിനെ ചോദ്യം ചെയ്തു വരികയാണ്. പരിയാരത്തെ വിറപ്പിച്ച കവർച്ചകളിൽ ഒടുവിൽ പൊലീസ് പ്രതികളിലേക്കെത്തുമ്പോള്‍ പുറത്ത് വരുന്നത് സംഘത്തിന്റെ വിചിത്ര രീതികള്‍ അടക്കം നിരവധി വിവരങ്ങളാണ്.

കോയമ്പത്തൂർ കേന്ദ്രീകരിച്ചുളള കൊളളസംഘമാണ് പിന്നിൽ. അതിലൊരാളാണ് ഇപ്പോൾ ഊട്ടിയിൽ താമസക്കാരനായ സഞ്ജീവ് കുമാർ. ഇയാളെയാണ് നാമക്കലിൽ വച്ച് പിടികൂടിയത്. പരിയാരം സി പൊയിലിൽ ഒക്ടോബർ ഇരുപതിന് വീട്ടിൽ കയറി വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തിയതും സെപ്തംബറിൽ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയതും കോയമ്പത്തൂരിൽ നിന്നുളള സംഘമെന്ന് നിഗമനം.

സുരേഷ് എന്നയാളാണ് തലവൻ. ഓരോ കവർച്ചയ്ക്കും ഓരോ സംഘങ്ങളാവും. മൊബൈൽ ഫോൺ ഉപയോഗിക്കില്ല, ലോഡ്ജുകളിൽ താമസിക്കില്ല, ഹോട്ടലുകളിൽ കയറി ഭക്ഷണം കഴിക്കില്ല, പിടിക്കപ്പെടാതിരിക്കാൻ വിചിത്ര രീതികളാണ് കൊളളസംഘത്തിനെന്ന് പൊലീസ് പറയുന്നു. സഞ്ജീവ് കുമാറിനെ വിശദമായി ചോദ്യം ചെയ്യുകയാണ്.

നാമക്കലിൽ പൊലീസ് എത്തിയപ്പോൾ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ഇയാൾ ശ്രമിച്ചു. പിന്തുടർന്ന് പിടികൂടുകയായിരുന്നു. പരിയാരത്തെ വീടുകളിൽ കവർച്ച നടത്തി സംഘത്തിൽ നാല് പേർ കൂടിയുണ്ടെന്നാണ് സൂചന. ഇവർക്കായി അന്വേഷണത്തിലാണ് പൊലീസ്. മോഷണ പരമ്പരയുണ്ടായിട്ടും പ്രതികളെ പിടികൂടാൻ വൈകിയതിൽ പൊലീസ് ഏറെ പഴികേട്ടിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!