ട്രാക്കിൽ അറ്റകുറ്റപ്പണി; യാത്രക്കാർ പെരുവഴിയിൽ

കണ്ണൂർ: ഇന്നലെ ഉച്ചകഴിഞ്ഞു കോഴിക്കോട് നിന്ന് കണ്ണൂർ-കാസർകോട്-മംഗലാപുരം റൂട്ടിൽ ട്രെയിനുകൾ സർവീസ് നടത്തിയത് ആറു മണിക്കൂറോളം വൈകി. ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ട്രെയിൻ വൈകിയതെന്നാണ് അധികൃതരുടെ വിശദീകരണം.
കോഴിക്കോടിനും കണ്ണൂരിനും ഇടയിലുള്ള വിവിധ സ്റ്റേഷനുകളിൽ ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിട്ടു. വടകര മുക്കാളിയിലും കണ്ണൂർ സൗത്തിലും പണി നടക്കുന്നതിനാലാണ് ട്രെയിനുകൾ വൈകിയത്. വടകര മുക്കാളിയിൽ പാലത്തിന്റെ പണിയും കണ്ണൂർ സൗത്തിൽ ജെല്ലി മാറ്റവും നടക്കുന്നതിനാൽ വ്യാഴാഴ്‌ച പകൽ 12 മുതൽ വൈകിട്ട് നാല് വരെയാണ് റെയിൽവെ നിയന്ത്രണം ഏർപ്പെടുത്തിയത്
ഏറനാട് എക്സ്‌പ്രസ്, കണ്ണൂർ എക്സ്‌പ്രസ് സ്പെഷ്യൽ, ലോകമാന്യ തിലക് ഗരീബ് രഥ്, കണ്ണൂർ എക്സ്‌പ്രസ്, ഗാന്ധിധാം ഹംസഫർ എക്സ്‌പ്രസ്, വന്ദേഭാരത്, കണ്ണൂർ എക്‌സിക്യൂട്ടിവ് എക്സ്‌പ്രസ്, മംഗളൂർ സെൻട്രൽ എക്സ്‌പ്രസ്, പരശുറാം എക്സ്‌പ്രസ്, മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് എന്നിവയാണ് വൈകിയ ട്രെയിനുകൾ. ഇതോടെ വടകര -കണ്ണൂർ-കാസർകോട് എന്നിവിടങ്ങളിലുള്ള ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിലായി.
പരശുറാം, നേത്രാവതി ഉൾപ്പെടെയുള്ള ട്രെയിനുകൾ വിദ്യാർത്ഥികളും ജോലിക്കാരും സീസൺ ടിക്കറ്റിൽ നിത്യേനയുള്ള യാത്രക്ക് ഉപയോഗിക്കുന്ന വണ്ടികളാണ്. ഇവ വരാൻ വൈകിയതോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നൂറുകണക്കിന് ആളുകൾ തിങ്ങി നിറഞ്ഞു. ട്രെയിൻ വൈകുമെന്ന് മനസിലായതോടെ പലരും ബസ് പിടിക്കാൻ പരക്കം പാഞ്ഞു.
എന്നാൽ ദീർഘദൂര യാത്രക്കാർ ശരിക്കും വലഞ്ഞു. കുട്ടികളും വൃദ്ധരുമുൾപ്പെടെ കുടുംബത്തോടെ യാത്രക്ക് വന്നവർക്കും ദുരനുഭവമായിരുന്നു ഇന്നലെ. റെയിൽവേ സ്റ്റേഷനിൽ ആളുകൾ കൂടിയതോടെ ആർ.പി.എഫ്, റയിൽവേ പൊലീസ്, ബോംബ് സ്ക്വഡ് എന്നിവയുടെ നേതൃത്വത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു.
ട്രെയിനുകൾ വൈകിയത് ആറു മണിക്കൂർ വരെ
വൈകിട്ട് 5നു കണ്ണൂരിൽ എത്തേണ്ടിയിരുന്ന കണ്ണൂർ എക്സ്‌പ്രസ് സ്പെഷ്യൽ 2 മണിക്കൂർ വൈകി 7.10നാണ് എത്തിയത്. 3.05നു എത്തേണ്ട മംഗളൂരു സെൻട്രൽ എക്സ്പ്രസ് നാലര മണിക്കൂർ വൈകി 7.38ന് എത്തി. മുംബൈ ഗരീബ് രഥ് 1 മണിക്കൂർ 36 മിനുട്ട് വൈകിയതിനാൽ 7.28 ആയി എത്തുമ്പോൾ. 6.30ന് വരേണ്ട പരശുറാം 8.05നും 7.30ക്ക് എത്തേണ്ട നേത്രാവതി 8.35നുമാണ് കണ്ണൂരിൽ എത്തിയത്.
ഇതിനു ആനുപാതികമായി വന്ദേഭാരതും വൈകിയാണ് ഓടിയത്. 2.15ന് കണ്ണൂരിൽ എത്തേണ്ട ഏറനാട് എക്സ്‌പ്രസ് 6 മണിക്കൂറിൽ അധികം വൈകിയിരുന്നു. കണ്ണൂരിൽ നിന്ന് 5.30ന് പുറപ്പെടേണ്ട ചെറുവത്തൂർ എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഷൊർണുർ സ്പെഷ്യൽ എക്സ്‌പ്രസ്, മാംഗളൂർ സെൻട്രൽ ചെന്നൈ മെയിൽ,തിരുവനന്തപുരം എക്സ്‌പ്രസ് തുടങ്ങിയവയും പലയിടങ്ങളിലായി പിടിച്ചിട്ടു.