കേൾക്കാമോ, വർണങ്ങൾ വിവരിക്കുന്ന ഈ നിശ്ശബ്ദത

കണ്ണൂർ: കണ്ണൂർ ഫോർട്ട് റോഡിലെ തുണിക്കടയിൽ ചെന്നാൽ സംസാരിച്ചുവീഴ്ത്തി തുണി വാങ്ങിപ്പിക്കില്ല ആരും. പക്ഷേ, കൺനിറയെ സ്നേഹവും തെളിഞ്ഞ ചിരിയുമായി ചിലർ മുന്നിലെത്തും. ആംഗ്യഭാഷയിൽ ആവശ്യങ്ങൾ ചോദിച്ചറിയും. വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ‘നിശ്ശബ്ദമായി’ സഹായിക്കും. ‘ഷി കളക്‌ഷൻസി’ലെ സെയിൽസ് പേഴ്‌സൺസ് അഞ്ചുപേരും ബധിരരും മൂകരുമാണ്.നാറാത്ത് സ്വദേശി എം.വി. വിമോഷ്, ആറ്റടപ്പയിലെ കെ. ലബീബ്, കുടുക്കിമൊട്ടയിലെ വി.എസ്. രാധിക, ചാലാടുള്ള എ. സുജാത, പുതിയതെരുവിലെ ലിനിഷ. ഇവരാണ് ഈ കടയുടെ എല്ലാം.
ഓപ്പൺ ഡിസ്‌പ്ലേ ആണ് കടയിൽ. വരുന്നവരുടെ അഭിരുചി ഇവർ എളുപ്പം മനസ്സിലാക്കും. ഉപഭോക്താക്കളുടെ ചുണ്ടനക്കം കണ്ടാൽമതി, ഇവർക്ക് കാര്യം മനസ്സിലാവും. ആംഗ്യഭാഷയിൽ മറുപടികൊടുക്കും. നിറങ്ങൾ കാണിക്കാനും പ്രത്യേകരീതികളുണ്ട്. സ്ഥിരം ഉപഭോക്താക്കളിൽ ചിലർ ഇവരുടെ ഭാഷ പഠിച്ചുകഴിഞ്ഞു.
‘‘വീട്ടിൽ കുറേക്കാലം വെറുതേയിരുന്നു. ജോലി അന്വേഷിച്ചുചെന്നപ്പോൾ പലരും കളിയാക്കി ചിരിച്ചു. ഇവർക്കൊപ്പംചേർന്നപ്പോൾ മനസ്സുതുറന്നതുപോലെ’’ -സുജാത ആംഗ്യത്തിൽ പറഞ്ഞത് കടയുടമ വിശദീകരിച്ചു. ഇവരെല്ലാം നന്നായി ചിത്രംവരയ്ക്കും. ചിത്രത്തുന്നലും ചെയ്യും. അഞ്ചുപേരും ജീവിതപങ്കാളികളാക്കിയതും സംസാരശേഷിയില്ലാത്തവരെത്തന്നെ.
40 വർഷത്തെ ബന്ധം
കടയുടമ കക്കാടുള്ള എം.വി. ഹാരിസ് 40 വർഷംമുമ്പ് ഒരു എംബ്രോയ്ഡറി യൂണിറ്റ് തുടങ്ങി. അന്ന് പരിചയപ്പെട്ടതാണ് സംസാരശേഷിയില്ലാത്ത വിമോഷിനെ. ഒന്നരമാസത്തിനകം വിമോഷ് എംബ്രോയ്ഡറി പഠിച്ചു. രണ്ടുവർഷത്തിനുശേഷം തെക്കിബസാറിൽ ‘ഷി ദി ചുരിദാർ പീപ്പിൾ’ കട തുടങ്ങിയപ്പോൾ അതിന്റെ എല്ലാമായി വിമോഷ്. തയ്യൽക്കാരായി രണ്ടുപേർക്കൂടി ഉണ്ടായിരുന്നു. അവരും സംസാരശേഷിയില്ലാത്തവർതന്നെ.
കാര്യങ്ങൾ പഠിച്ചെടുക്കുന്നതിലുള്ള വേഗവും ആത്മാർഥതയും കണ്ടാണ് പുതിയ കടയിലും അതുപോലെയുള്ളവരെ നിയമിക്കാൻ തീരുമാനിച്ചത്. അങ്ങനെ ‘ഷീ കളക്‌ഷൻസ്’ മനസ്സുകൊണ്ട് മിണ്ടുന്ന, ഹൃദയംകൊണ്ട് കേൾക്കുന്ന, അഞ്ചുപേരുടെ കൂട്ടായ്മയായി. ഹാരിസിന്റെതന്നെ ഉടമസ്ഥതയിലുള്ള റിസോർട്ടിലുമുണ്ട് ജീവനക്കാരായി ഇങ്ങനെ നാലുപേർ. ഇവർക്ക് സൂക്ഷ്മത കൂടുതലാണെന്ന് കട നടത്തുന്ന ഷിജിൻ ഹാരിസ് പറഞ്ഞു.
മനോഹരമായ കാഴ്ച
സംസാരശേഷിയില്ലാത്ത ജീവനക്കാരുള്ള തുണി ഷോപ്പിനെക്കുറിച്ച് ചിന്തിക്കാൻ പറ്റുമോ. അങ്ങനെയൊരു മനോഹര കാഴ്ചയാണ് ഇവിടെ കണ്ടത്. അവരെ അംഗീകരിച്ചവരോട് വല്ലാത്ത സ്നേഹവും ബഹുമാനവും തോന്നി.