പത്താമുദയം രജിസ്ട്രേഷൻ പുരോഗമിക്കുന്നു

കണ്ണൂർ: ജില്ലാ പഞ്ചായത്തും ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് സാക്ഷരതാ മിഷൻ വഴി നടപ്പാക്കുന്ന സമ്പൂർണ സെക്കൻഡറി വിദ്യാഭ്യാസ പദ്ധതിയായ പത്താമുദയത്തിന്റെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു.
ജില്ലയിലെ പത്താംതരം പാസ്സാവാത്ത മുഴുവനാളുകളെയും പത്താംതരം പാസാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതുവരെ 1700ൽപരം പേർ രജിസ്ട്രേഷൻ പൂർത്തിയാക്കി.
പത്താംതരം പാസാകാത്ത, ഏഴാംതരം പാസായ എല്ലാവർക്കും പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. പഠിതാക്കളുടെ കോഴ്സ് ഫീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതിയിലുൾപ്പെടുത്തി നൽകുന്നതിനാൽ പഠനം സൗജന്യമാണ്.
ഒരു വർഷമാണ് പഠന കാലാവധി. ക്ലാസുകൾ ഞായറാഴ്ചകളിലായിരിക്കും. എസ്.സി.ആർ.ടി തയ്യാറാക്കിയ പ്രത്യേക പാഠപുസ്തകങ്ങളുപയോഗിച്ചാണ് പഠനം. താൽപര്യമുള്ള എല്ലാവർക്കും അവരവരുടെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്തുകളുമായി ബന്ധപ്പെടാം.
ജില്ലയെ സമ്പൂർണ സെക്കണ്ടറി വിദ്യാഭ്യാസം നേടുന്ന ഇന്ത്യയിലെ ആദ്യ ജില്ലയാക്കി മാറ്റുന്നതിനുള്ള പത്താമുദയം പദ്ധതി പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി ദിവ്യ അഭ്യർഥിച്ചു.