സ്‌കൂളില്‍ കയറി അതിക്രമം; അധ്യാപക ദമ്പതികളെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: നരിക്കുനി എരവന്നൂര്‍ യു.പി സ്‌കൂളില്‍ അക്രമം നടത്തിയ സംഭവത്തില്‍ അധ്യാപക ദമ്പതികള്‍ക്ക് സസ്‌പെന്‍ഷന്‍. മറ്റൊരു സ്‌കൂളിലെ അധ്യാപകനും ബി.ജെ.പി അനുകൂല അധ്യാപക സംഘടനയായ എസ്.ടി.യു ജില്ലാ ഭാരവാഹിയുമായ ഷാജിയെയും എരവന്നൂര്‍ യു.പി സ്‌കൂളിലെ അധ്യാപിക സുപ്രീനയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥിയുടെ മുഖത്തടിച്ചതിനാണ് സുപ്രീനയെ സസ്‌പെന്‍ഡ് ചെയ്തത്.
എം.പി ഷാജിയെ കുന്നമംഗലം എ.ഇ.ഒ.യുടേയും സുപ്രീനയെ കൊടുവള്ളി എ.ഇ.ഒ.യുടേയും ശുപാര്‍ശ പ്രകാരമാണ് സ്‌കൂള്‍ മാനേജര്‍മാര്‍ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ അധ്യാപകനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷാജിക്കെതിരെ വകുപ്പ് നടപടിയും ആരംഭിച്ചു.
എരവന്നൂര്‍ യു.പി സ്‌കൂളിലെ അധ്യാപികയായ സുപ്രീനയുടെ ഭര്‍ത്താവാണ് ഷാജി. വിദ്യാര്‍ഥിയുടെ മുഖത്ത് അടിച്ചതുമായി ബന്ധപ്പട്ട് സുപ്രീനയ്‌ക്കെതിരെ ചൈല്‍ഡ് ലൈനിലും പൊലീസിലും പരാതി ഉണ്ടായിരുന്നു. ഇതില്‍ പ്രകോപിതനായാണ് സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിനിടെ ഷാജി ഓഫീസില്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയത്.
സ്റ്റാഫ് മീറ്റിങ് നടക്കുന്ന ഹാളിലേക്ക് ഷാജി കയറിവരുന്നതും പ്രശ്‌നങ്ങളുണ്ടാക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൈയാങ്കളിയില്‍ മറ്റ് അധ്യാപകര്‍ക്ക് പരിക്കേറ്റിരുന്നു. പുറത്തുവന്ന ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തത്.