മുരിങ്ങോടി-കുരിശുപള്ളി-പെരുമ്പുന്ന റോഡിലെ യാത്ര നടുവൊടിക്കും

പേരാവൂർ: മുഴക്കുന്ന്,പേരാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും പേരാവൂരിൽ നിന്ന് മലയോര ഹൈവേയിലേക്ക് എളുപ്പമെത്താൻ കഴിയുന്നതുമായ കുരിശുപള്ളി-പെരുമ്പുന്ന റോഡിലൂടെയുള്ള യാത്ര ജനങ്ങളുടെ നടുവൊടിക്കും.റോഡിലെ വിവിധയിടങ്ങൾ തകർന്ന് വലിയ കുഴികളായിത്തുടങ്ങി.പാറമടകളിൽ നിന്നുള്ള ഭാരവാഹനങ്ങൾ മലയോര ഹൈവേയിലേക്ക് പോകാൻ ഈ റോഡുപയോഗിക്കുന്നതാണ് ടാറിംഗ് തകർന്ന് കുഴികളുണ്ടാവാൻ കാരണമാവുന്നത്.
റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമായതോടെ ഓട്ടോറിക്ഷകളും സർവീസ്കു റക്കുകയാണ്.പെരുമ്പുന്ന,മടപ്പുരച്ചാൽ,പാലപ്പുഴ,എടത്തൊട്ടി പ്രദേശത്തുകാർ നിത്യവും ആശ്രയിക്കുന്ന റോഡാണിത്.ഈ റോഡ് വഴി എടത്തൊട്ടി ടൗണിലേക്കും എളുപ്പമെത്തിച്ചേരാൻ കഴിയും.
കുരിശുപള്ളിയിൽ നിന്ന് പെരുമ്പുന്ന വരെ രണ്ട് കിലോമീറ്ററോളമാണ് ദൂരം.ഇതിൽ ഒന്നരകിലോമീറ്റർ പേരാവൂർ പഞ്ചായത്തിന്റെയും ബാക്കി മുഴക്കുന്ന് പഞ്ചായത്തിന്റെയുമാണ്.ഇരു പഞ്ചായത്തുകളും ഒരേ സമയം റോഡ് നവീകരണം നടത്തിയാൽ മാത്രമെ ദീർഘനാളുകൾ റോഡ് തകരാതിരിക്കുകയുള്ളൂ.റോഡിലെ കുഴികളിൽ നിന്നുള്ള പൊടി ശല്യം മൂലം റോഡിന് സമീപമുള്ള വീട്ടുകാരും ദുരിതത്തിലാണ്.
പേരാവൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള ഭാഗം നവീകരിക്കാൻ എട്ട് ലക്ഷം രൂപ അനുവദിച്ചെങ്കിലും നിർമാണം ഇതുവരെ തുടങ്ങിയിട്ടില്ല.റോഡ് നവീകരണം എത്രയുമുടനെ തുടങ്ങി യാത്രാക്ലേശം അവസാനിപ്പിക്കാൻ പഞ്ചായത്ത് സത്വര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
പേരാവൂർ പഞ്ചായത്ത് പരിധിയിലെ 1.135 കിലോമീറ്റർ റോഡ് നവീകരിക്കാൻ ടെണ്ടർ നടപടി പൂർത്തിയായിട്ടുണ്ടെന്നും കരാറുകാരനെ ബന്ധപ്പെട്ട് നിർമാണം പെട്ടെന്ന് തുടങ്ങാൻ ആവശ്യപ്പെടുമെന്നും വാർഡ് മെമ്പർ വി.എം.രഞ്ജുഷ പറഞ്ഞു.