ഹിറ്റാണ് സന്തോഷിന്റെ മര ട്രെഡ്മിൽ

കണ്ണൂർ: തടി കുറയ്ക്കാനുള്ള തീരുമാനത്തിലാണ് കണ്ണൂർ ചാലോട്ടെ ആശാരിപ്പണിക്കാരൻ സന്തോഷ് വടുവൻകുളം സ്വന്തമായി ഒരു ട്രെഡ് മിൽ നിർമ്മിച്ചത്. മരത്തടിയിൽ ഒന്നാന്തരം ട്രെഡ്മിൽ. ഉപയോഗിച്ചവരെല്ലാം തലകുലുക്കി സമ്മതിച്ചിരിക്കുകയാണ് ഈ വ്യായാമയന്ത്രം.ഭാര്യ നീനയോടൊപ്പമുള്ള പ്രഭാതസവാരി തെരുവ് നായ്ക്കളെ പേടിച്ച് നിർത്തേണ്ടി വന്നപ്പോഴാണ് മരത്തിൽ ട്രെഡ്മിൽ നിർമ്മിക്കുന്നതിനെപ്പറ്റി ആലോചിച്ചത്.
ഒരു മാസത്തോളം പഠിച്ച ശേഷമായിരുന്നു നിർമ്മാണത്തിലേക്ക് കടന്നത്. ടെഡ്മില്ലിന്റെ പ്രവർത്തനത്തെ കുറിച്ച് വലിയ പിടിയില്ലാത്തതിനാൽ പല ശ്രമങ്ങളും പാളി.ഒടുവിൽ മൂന്നുമാസത്തെ പരീക്ഷണങ്ങൾക്കൊടുവിൽ യന്ത്രം പൂർത്തിയാക്കി. ചെറിയ അപാകതകൾ കണ്ടതിനെ തുടർന്ന് പിന്നെയും മൂന്ന് നാല് തവണ പുതുക്കിപണിതു. നിലവിൽ രണ്ട് ട്രെഡ്മില്ലുകളാണ് സന്തോഷ് നിർമ്മിച്ചിരിക്കുന്നത്.
ആദ്യത്തേതിന് ശബ്ദപ്രശ്നമടക്കം ചില പോരായ്മകൾ കണ്ടതിനെ തുടർന്നാണ് കുറ്റമറ്റ രീതിയിൽ രണ്ടാമത്തേത്ത് നിർമ്മിച്ചത്.സാധാരണ അരി മില്ലുകളിൽ ഉപയോഗിക്കുന്ന നൈലോൺ ബെൽറ്റ് ഉപയോഗിച്ചാണ് ട്രെഡ്മില്ലിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് അതാണ്. നടത്തം വേഗത്തിലായാൽ യന്ത്രത്തിന്റെ വേഗതയും കൂടും. 24 മീറ്റർ ബെൽറ്റാണ് ഒരു ട്രെഡ്മിൽ നിർമ്മിക്കാൻ ആവശ്യം.
മൂന്ന് മുതൽ നാല് വരെ ക്യുബിക്ക് മരങ്ങളുംവേണം. എഴുപത് റോഡ് മരത്തടികളും 60 ഓളം വെയറിംഗുകളും ആവശ്യമാണ്. നിർമ്മാണ ചെലവും കൂലിയും കണക്കാക്കുമ്പോൾ ഒരു ട്രെഡ്മിൽ 15000 രൂപ നിരക്കിൽ നൽകാൻ സാധിക്കുമെന്ന് സന്തോഷ് പറയുന്നു. ഒരു മീറ്ററിനു 350 ഓളം രൂപ വരുന്ന ബെൽറ്റാണ് നിർമ്മാണചെലവ് കൂട്ടുന്നത്.
ക1993 മുതൽ മുഴുവൻ സമയവും ഇരുന്നു ജോലിയായതിനാലാണ് വ്യായാമത്തിനായി സ്വന്തം ട്രെഡ്മിൽ ഈ 46കാരൻ ഒരുക്കിയത്. നാട്ടുകാരിൽ ചിലർ ട്രെഡ്മിൽ പരീക്ഷിച്ചുനോക്കി. ബോദ്ധ്യപ്പെട്ടവരിൽ ചിലർ നിർമ്മിച്ചുനൽകാൻ സന്തോഷിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. വൈദ്യുതി ആവശ്യമില്ലെന്നതാണ് ഇതിനോട് ആളുകളെ അടുപ്പിക്കുന്നതെന്ന് സന്തോഷ് പറയുന്നു.