ഗൾഫിൽ നിന്നും സ്വര്‍ണ്ണം കടത്തിക്കൊണ്ടുവന്നയാളിൽ നിന്ന് സ്വര്‍ണ്ണം കവര്‍ന്ന കണ്ണൂര്‍ സംഘം അറസ്റ്റിൽ

Share our post

കൊച്ചി: ദുബായിയില്‍ നിന്നും സ്വര്‍ണ്ണം കടത്തിക്കൊണ്ടുവന്നയാളെ തട്ടിക്കൊണ്ട് പോയി സ്വര്‍ണ്ണം കവര്‍ന്ന കണ്ണൂര്‍ സംഘം അറസ്റ്റിലായി. ഗുരുവായൂര്‍ സ്വദേശിയെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. ഷുഹൈബ് വധക്കേസിലെ പ്രതിയായ തിലങ്കേരി സ്വദേശി രജില്‍ രാജ് ഉള്‍പ്പടെ ഏഴംഗ സംഘം ആണ് നെടുമ്പാശ്ശേരി പൊലീസിന്റെ അറസ്റ്റിലായത്. സ്വര്‍ണ്ണം രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി വിവിധ ജില്ലകളില്‍ ഒളിവില്‍ പോയ പ്രതികളെ തന്ത്രപരമായാണ് പൊലീസ് പിടികൂടിയത്.

ദുബായില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തിലാണ് ഗുരുവായൂര്‍ സ്വദേശി നിയാസ് സ്വര്‍ണ്ണവുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയത്. ഇയാളെയാണ് ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയി ക്യാപ്‌സ്യൂള്‍ രൂപത്തിലുള്ള സ്വര്‍ണ്ണം കവര്‍ന്നത്. പിന്നീട് ആലുവയില്‍ നിയാസിനെ ഉപേക്ഷിച്ച് സംഘം അടിമാലി, ആലുവ,കോട്ടയം പ്രദേശങ്ങളില്‍ ഒളിവില്‍ പോയി. സ്വര്‍ണ്ണം പൊട്ടിക്കല്‍ നടന്നതായി കണ്ടെത്തിയ പൊലീസ് തന്ത്രപരമായി ഇവിടെ തെരച്ചില്‍ നടത്തിയാണ് പ്രതികളെ പിടികൂടിയത്.

കണ്ണൂര്‍ തില്ലങ്കരി സ്വദേശി ഷഹീദ്,സുജി,രജില്‍രാജ് ,സവാദ്. തലശ്ശേരി സ്വദേശികളായ സ്വരലാല്‍, അനീസ്, മുഴക്കുന്ന് സ്വദേശി ശ്രീകാന്ത് എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.ഇവര്‍ കണ്ണൂര്‍ ജില്ലയിലെ എക്‌സ്‌പ്ലൊസീവ് ആന്റ് ആംസ് ആക്ട് അടക്കമുള്ള ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. രജില്‍ രാജ് മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലും, മുഴക്കുന്ന് വിനീഷ് വധക്കേസിലും പ്രതിയാണ്. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച രണ്ട് കാറുകളും നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

വിദേശത്ത് നിന്ന് സ്വര്‍ണ്ണം ഒളിച്ചു കടത്തിക്കൊണ്ടു വരുന്നവരെ എയര്‍പ്പോര്‍ട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി സ്ഥിരമായി സ്വര്‍ണ്ണം കവര്‍ച്ച ചെയ്യുന്ന സംഘത്തെയാണ് ജില്ലാ പൊലീസ് സംഘം തന്ത്രപരമായി പിടികൂടിയത്. ഇവര്‍ കടത്തിയ സ്വര്‍ണ്ണം കണ്ടെത്തുന്നത് അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു. ആലുവ റൂറല്‍ എസ്. പി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ ഡി.വൈ.എസ്. പി പി. എ പ്രസാദ് ഉള്‍പ്പെടുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!