ടൂറിന് ഫിറ്റ്നസ് മസ്റ്റ്; ഡ്രൈവർക്ക് മാത്രമല്ല, സ്‌കൂള്‍ മേധാവിക്കും പണികിട്ടും

Share our post

തി​രു​വ​ന​ന്ത​പു​രം:അനുമതി വാങ്ങാതെ ടൂറിസ്റ്റ് ബസില്‍ വിനോദയാത്ര പോവുന്ന വിദ്യാലയങ്ങള്‍ക്കെതിരേ നടപടി കര്‍ശനമാക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. വിനോദയാത്രയ്ക്ക് രണ്ടു ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കി ബസിന്റെ പരിശോധന പൂര്‍ത്തിയാക്കണമെന്നാണ് വകുപ്പ് നിഷ്‌കര്‍ഷിക്കുന്നത്.

യാത്രയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പലരും അപേക്ഷ നല്‍കുന്നത്. അപ്പോള്‍ ബസ് പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സമയം ലഭിക്കാതെവരും. അതോടെ അനുമതി വാങ്ങാതെ യാത്ര തുടരുന്നതാണ് പലരുടെയും രീതി. ചിലരാകട്ടെ, അപേക്ഷമാത്രം നല്‍കി അനുമതിയില്ലാതെ യാത്ര പോവുന്നുമുണ്ട്.

ജില്ലയ്ക്ക് പുറത്തുള്ള ബസുകള്‍ തിരഞ്ഞെടുക്കുന്നവര്‍ യാത്രയ്ക്ക് തൊട്ടുമുമ്പാണ് അവ സ്‌കൂള്‍ പരിധിയിലുള്ള മോട്ടോര്‍ വാഹനവകുപ്പ് ഓഫീസിലെത്തിക്കുക. അപേക്ഷപോലും നല്‍കാതെ പോകുന്നവരുമുണ്ടെന്നും അവസാനനിമിഷം യാത്ര തടയുമ്പോള്‍ അത് വൈകാരികപ്രശ്‌നമാകുന്നുവെന്നും അധികൃതര്‍ പറയുന്നു.

രണ്ടുവര്‍ഷംമുമ്പ് ഒമ്പതുപേര്‍ മരിച്ച പാലക്കാട് വടക്കഞ്ചേരി അപകടത്തിനു ശേഷമാണ് യാത്രയ്ക്കുമുമ്പ് മോട്ടോര്‍ വാഹനവകുപ്പിന്റെ അനുമതി വേണമെന്ന നിബന്ധന വന്നത്. എറണാകുളത്ത് അനുമതി നേടാതെ യാത്രക്കൊരുങ്ങിയ നാലു ബസുകള്‍ കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തിരുന്നു.

വിനോദയാത്രയ്ക്കുള്ള വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും വിവരങ്ങളും യാത്രയുടെയും വാഹനത്തിന്റെയും വിവരങ്ങളും സഹിതമാണ് മോട്ടോര്‍ വാഹനവകുപ്പിന് അപേക്ഷ നല്‍കേണ്ടത്. നിരോധിത ലൈറ്റുകളോ ശബ്ദസംവിധാനങ്ങളോ ഉപയോഗിച്ചിട്ടുണ്ടോ, സ്പീഡ് ഗവര്‍ണര്‍ വിേച്ഛദിച്ചിട്ടുണ്ടോ, ജി.പി.എസ്. പ്രവര്‍ത്തനക്ഷമമാണോ തുടങ്ങിയവ പരിശോധിച്ചാണ് സാക്ഷ്യപത്രം നല്‍കുക.

നടപടി ഇങ്ങനെ

അനുമതിയില്ലാതെ യാത്ര ചെയ്യുന്നത് കണ്ടെത്തിയാല്‍ ബസുകളുടെ ഫിറ്റ്നെസും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കും. സ്‌കൂള്‍ മേധാവിക്കെതിരേ വകുപ്പുതലനടപടിക്കായി വിദ്യാഭ്യാസവകുപ്പിനോട് ശുപാര്‍ശ ചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!