നിയമവിരുദ്ധ ബോർഡുകൾ, ബാനറുകൾ, ഹോർഡിങ്ങുകൾ എന്നിവക്കെതിരെ നടപടി

കണ്ണൂർ : ബോർഡുകൾ, ബാനറുകൾ, ഹോർഡിങ്ങുകൾ എന്നിവ തയ്യാറാക്കുമ്പോൾ അതിൽ പി.വി.സി ഫ്രീ, റീ സൈക്ലബിൾ ലോഗോ, പ്രിന്റിങ്ങ് യൂനിറ്റിന്റെ പേര്, ഫോൺ നമ്പർ, മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ സർട്ടിഫിക്കറ്റിന്റെ ക്യൂ.ആർ കോഡ് എന്നിവ നിർബന്ധമായും പ്രിന്റ് ചെയ്തിരിക്കേണ്ടതാണെന്ന് ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. ഇവ രേഖപ്പെടുത്താത്ത ബോർഡുകൾ നിയമ വിരുദ്ധമായതിനാൽ സ്ഥാപിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്. പ്രിന്റ് ചെയ്യാനുളള മെറ്റീരിയൽ വിൽക്കുന്ന കടകൾ, സ്റ്റോക്ക് ചെയ്തിരിക്കുന്നവയിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ സാക്ഷ്യപത്രം ക്യൂ.ആർ കോഡ് രൂപത്തിൽ പ്രിന്റ് ചെയ്തിരിക്കണം. പേപ്പർ, കോട്ടൺ, പോളി എത്തിലിൻ എന്നിവ മാത്രമാണ് പ്രിന്റിങ്ങിന് ഉപയോഗിക്കാൻ അനുമതി. ഇക്കാര്യം പ്രിന്റർമാർ ഉറപ്പുവരുത്തേണ്ടതാണ്. അനുവദനീയ വസ്തുക്കളിൽ മാത്രമാണ് പ്രിന്റിങ്ങ് നടത്തുന്നതെന്നും ഉപയോഗശേഷം ബോർഡുകൾ തിരിച്ച് സ്ഥാപനത്തിൽ തിരിച്ചേൽപ്പിക്കേണ്ടതാണെന്നുമുള്ള ബോർഡ് ഓരോ പ്രിന്റിങ്ങ് സ്ഥാപനത്തിലും വ്യക്തമായി കാണാവുന്ന രീതിയിൽ നിർബന്ധമായും പ്രദർശിപ്പിച്ചിരിക്കേണ്ടതാണ്. ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പരിശോധനാവേളയിൽ ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നപക്ഷം നിരോധിത വസ്തുകൾ പിടിച്ചെടുത്ത് പിഴ ചുമത്തും.