വീടെന്ന സ്വപ്‌ന സാക്ഷാത്‌കാരത്തിന് ഈ അഭിഭാഷകൻ നൽകും ‘മനസ്സോടൊത്തിരി മണ്ണ്’

കാസർകോട് : പാവപ്പെട്ടവരുടെ വീടെന്ന സ്വപ്‌നത്തിന് സാക്ഷാത്‌കാരമേകാൻ അഭിഭാഷകൻ കൈമാറുന്നത് ഒരേക്കർ സ്ഥലം. സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവനപദ്ധതിക്കായി ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയിൽ കാസർകോട്ടെ പ്രമുഖ അഭിഭാഷകൻ എ.ജി. നായരാണ് ബേത്തൂർപാറ സ്‌കൂളിനടുത്ത് ഒരേക്കർ സ്ഥലം നൽകുന്നത്. സ്ഥലത്തിന്റെ രേഖകൾ ഉദുമ മണ്ഡലം നവകേരള സദസ് നടക്കുന്ന ചട്ടഞ്ചാലിൽ 19ന് പകൽ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും.
കാസർകോട്ടെ തിരക്കേറിയ അഭിഭാഷകനായ എ.ജി. നായർ ബേത്തൂർപാറയ്‌ക്കടുത്ത തീർഥക്കര സ്വദേശിയാണ്. 1986ൽ ബേത്തൂർപാറ സ്‌കൂളിനടുത്ത് വാങ്ങിയ സ്ഥലത്തിലെ ഒരേക്കറാണ് ലൈഫ് പദ്ധതിക്ക് നൽകുന്നത്. റബർക്കൃഷിയാണ് നിലവിലുള്ളത്. വീടില്ലാത്തവർക്ക് ഇവിടെ ഫ്ലാറ്റ് നിർമിച്ചുനൽകണമെന്നാണ് സി.പി.എം കാസർകോട് ഏരിയാ കമ്മിറ്റിയംഗമായ എ.ജി. നായർ ആഗ്രഹിക്കുന്നത്.
വീടില്ലാത്ത, ഭൂരഹിതരായ മുപ്പതിലധികംപേർക്ക് മൂന്നു സെന്റുവീതം പതിച്ചുനൽകാൻ ഈ സ്ഥലം ഉപകരിക്കുമെന്ന് ലൈഫ് മിഷൻ ജില്ലാ കോ–- ഓഡിനേറ്റർ എം വത്സൻ പറഞ്ഞു. ഫ്ലാറ്റ് നിർമിക്കണമെങ്കിൽ സർക്കാർ തീരുമാനം വേണം. അതിനായി സി എച്ച് കുഞ്ഞമ്പു എംഎൽഎ അടക്കമുള്ളവരുമായി സംസാരിക്കും. കാസർകോട് വിദ്യാനഗറിലും ബേഡഡുക്ക പഞ്ചായത്തിലെ പുലിക്കോടും ലൈഫ് പദ്ധതിക്ക് ഭൂമി ദാനമായി ലഭിച്ചിട്ടുണ്ടെന്നും കോ–- ഓഡിനേറ്റർ പറഞ്ഞു. നിലവിൽ കാസർകോട് ജില്ലയിൽ 14,050 ലൈഫ് വീട് പൂർത്തിയാക്കി കൈമാറി. 4,773 വീടിന്റെ പണി നടക്കുന്നുണ്ട്. ഇവയിൽ 926 എണ്ണത്തിന്റെ പ്രധാന വാർപ്പ് കഴിഞ്ഞു. 18,823 പേർക്കാണ് വീട് നൽകാൻ കരാറാ.യത്.