ശബരിമലയില് മണ്ഡലകാലം: വ്യാഴാഴ്ച നട തുറക്കും

പത്തനംതിട്ട: മണ്ഡല മഹോത്സവത്തിനു തുടക്കം കുറിച്ച് വ്യാഴാഴ്ച വൈകിട്ട് ശബരിമല ശ്രീധര്മശാസ്താ ക്ഷേത്ര നട തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില് മേള്ശാന്തി കെ. ജയരാമന് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും.
പുതിയ ശബരിമല, മാളികപ്പുറം മേല്ശാന്തിമാരുടെ അഭിഷേക ചടങ്ങുകള് വ്യാഴാഴ്ച രാത്രി സന്നിധാനത്തു നടക്കും. ശബരിമല ക്ഷേത്രം മേല്ശാന്തിയായി മഹേഷ് നമ്പൂതിരിയും മാളികപ്പുറം മേല്ശാന്തിയായി പി.ജി. മുരളി നമ്പൂതിരിയുമാണ് ചുമതലയേല്ക്കുന്നത്.
നിലവിലെ ശബരിമല, മാളികപ്പുറം മേല്ശാന്തിമാര് ഒരു വര്ഷത്തെ പൂജകള് പൂര്ത്തിയാക്കി രാത്രി മലയിറങ്ങും. പുറപ്പെടാ ശാന്തിമാരെന്ന നിലയില് കഴിഞ്ഞ ഒരുവര്ഷമായി ഇരുവരും ശബരിമലയില് താമസിച്ചു പൂജകള് നടത്തിവരികയായിരുന്നു.
മണ്ഡല വ്രതാരംഭമായ വൃശ്ചികപ്പുലരിയില് പുതിയ മേല്ശാന്തിമാരായിരിക്കും നട തുറക്കുക. ഡിസംബര് 27-നാണ് മണ്ഡല പൂജ. അന്നുരാത്രി 10ന് നട അടയ്ക്കും. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര് 30ന് വൈകിട്ടു നട വീണ്ടും തുറക്കും. ജനുവരി 15-നാണ് മകരവിളക്ക്. തീര്ഥാടനകാലത്തിനു സമാപനം കുറിച്ച് ജനുവരി 20ന് നട അടയ്ക്കും.