ആൾക്കൂട്ട ആക്രമണത്തിനിടെ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവം: നാല് പേർ അറസ്റ്റിൽ

ന്യൂമാഹി: ദേശീയപാതയിൽ പുന്നോൽപ്പെട്ടിപ്പാലത്തിന് സമീപം കാൽനട യാത്രക്കാരനെ ബസിടിച്ചതിനെ തുടർന്ന് ആൾക്കൂട്ട ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട് ഓടുന്നതിനിടെ ബസ് ഡ്രൈവർ ട്രെയിനിടിച്ച് മരിച്ചതുമായി ബന്ധപ്പെട്ട് സ്ത്രീയടക്കം നാലുപേർ അറസ്റ്റിൽ.
ബസ് കാൽനടയാത്രികനെ ഇടിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഓടി രക്ഷപ്പെടുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച ബസ് ഡ്രൈവർ ജിജിത്ത്, കണ്ടക്ടർ ബിജീഷ് എന്നിവരെ മർദിച്ചവരാണ് അറസ്റ്റിലായത്.
അപകടം നടന്ന പെട്ടിപ്പാലത്തിനു സമീപത്തെ കോളനിയിലെ റഹ്മത്ത് (44), കെ.വി.ഷജീർ (21), വെങ്കടേഷ് (22), കെ.അപൂർവൻ (25) എന്നിവരാണ് അറസ്റ്റിലായത്. കണ്ടക്ടർ ബിജീഷിന്റെ പരാതിയിലാണ് നടപടി.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് വടകര ഭാഗത്ത് നിന്ന് തലശേരിയിലേക്ക് പോകുകയായിരുന്ന ശ്രീ ഭഗവതി ബസ് തട്ടി കോളനിയിലെ മുനീറിന് പരിക്കേറ്റത്. അപകടമുണ്ടായതിന് പിന്നാലെ പരിസരത്തുണ്ടായിരുന്നവർ ബസ് കണ്ടക്ടറെ സംഘം ചേർന്ന് മർദ്ദിച്ചു. സ്ഥലത്ത് നിന്നും ഓടി രക്ഷപെടാൻ ഡ്രൈവർ ജിജിത്ത് ശ്രമിക്കുന്നതിനിടെയാണ് ട്രെയിൻ തട്ടി മരിച്ചത്.