എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച 58കാരന് 48 വർഷം കഠിനതടവും രണ്ട് ലക്ഷം പിഴയും

കാട്ടാക്കട : ബന്ധുവായ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 58കാരന് 48 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. വിളപ്പിൽശാല തുരുത്തുംമൂല സ്വദേശിയെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ്‌കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. 2016 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.
അതിജീവിതയെയും സഹോദരനെയും അടുത്തബന്ധുവായ പ്രതി സ്വന്തം വീട്ടിലെത്തിക്കുകയും പിന്നീട് സഹോദരനെ പുറത്താക്കിയശേഷം കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കൾ വിളപ്പിൽശാല പൊലീസിൽ നൽകിയ പരാതിയിൽ മലയിൻകീഴ് ഇൻസ്പെക്ടർ ജയകുമാറാണ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. 16 സാക്ഷികളെ വിസ്‌തരിച്ചു. 15 രേഖകളും ഹാജരാക്കി. സ്പെഷ്യൽ പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദ് ഹാജരായി.