150 എച്ച്.ഡി സിനിമകള്‍ ഒറ്റ സെക്കന്റില്‍; ലോകത്തിലെ വേഗമേറിയ ഇന്റര്‍നെറ്റ് അവതരിപ്പിച്ച് ചൈന

Share our post

ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് നെറ്റവര്‍ക്ക് അവതരിപ്പിച്ച് ചൈനീസ് കമ്പനികള്‍. സെക്കന്റില്‍ 1.2 ടെറാബിറ്റ്‌സ് (സെക്കന്റില്‍ 1200 ജിബി) ഡാറ്റ കൈമാറ്റം ചെയ്യാന്‍ ഇതുവഴി സാധിക്കുമെന്നാണ് അവകാശപ്പെടുന്നത്. സിൻഹുവ സര്‍വകലാശാല, ചൈന മൊബൈല്‍, വാവേ ടെക്‌നോളജീസ്, സെര്‍നെറ്റ് കോര്‍പറേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.

ബെയ്ജിങ്, വുഹാന്‍, ഗാങ്ഷോ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 3000 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് നെറ്റ് വര്‍ക്ക് ഒരുക്കിയിരിക്കുന്നത്. സെക്കന്റില്‍ 1.2 ടെറാബിറ്റ് ഡാറ്റ കൈമാറ്റം ചെയ്യാന്‍ ഈ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖലയിലൂടെ സാധിക്കും.

ഇന്ന് നിലവിലുള്ള ഏറ്റവും വേഗമേറിയ നെറ്റ് വര്‍ക്കുകള്‍ക്ക് പരമാവധി സെക്കന്റില്‍ 100 ജിബി മാത്രമാണ് വേഗമുള്ളത്. അടുത്തിടെ യു.എസ് പരീക്ഷിച്ച അഞ്ചാം തലമുറ ഇന്റര്‍നെറ്റ്2 നെറ്റ് വര്‍ക്കിന് സെക്കന്റില്‍ 400 ജിബി ഡാറ്റയാണ് കൈമാറ്റം ചെയ്യാന്‍ സാധിച്ചത്.

ചൈനയുടെ ഫ്യൂച്ചര്‍ ഇന്റര്‍നെറ്റ് ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഭാഗമാണ് ബീജിംഗ്-വുഹാന്‍-ഗ്വാങ്ഷൗ നെറ്റ് വര്‍ക്ക്. ജൂലായില്‍ പ്രവര്‍ത്തനക്ഷമമാക്കിയ നെറ്റ്‌വര്‍ക്ക് വിവിധ പരീക്ഷണങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ചയാണ് ഔദ്യോഗികമായി അവതരിപ്പിച്ചത്.

150 എച്ച്.ഡി സിനിമകള്‍ ഒറ്റ സെക്കന്റില്‍ കൈമാറ്റം ചെയ്യാന്‍ ഈ നെറ്റ് വര്‍ക്കിലൂടെ സാധിക്കുമെന്നാണ് വാവേ ടെക്‌നോളജീസ് വൈസ് പ്രസിഡന്റ് വാങ് ലെയ് പറയുന്നത്.

ഇതിലും വേഗമേറിയ ഇന്റര്‍നെറ്റ് നിര്‍മിക്കുന്നതിനുള്ള അത്യാധുനിക സാങ്കേതിക വിദ്യ ഇതിലൂടെ ചൈനയ്ക്ക് ലഭിച്ചുവെന്ന് അതേസമയം, ചൈനീസ് അക്കാദമി ഓഫ് എഞ്ചിനീയറിംഗില്‍ നിന്നുള്ള എഫ്‌.ഐ.ടി.ഐ പ്രോജക്ട് ലീഡര്‍ വു ജിയാന്‍പിംഗ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!