ബന്ധങ്ങള്‍ തുടരണോ എന്ന് സ്‌ത്രീകൾക്ക് തീരുമാനിക്കാം: വനിതാ കമ്മീഷന്‍

കൊയിലാണ്ടി : വിവാഹവും പ്രണയവും ഉൾപ്പെടെ ബന്ധങ്ങൾ തുടരണോ എന്ന് തീരുമാനിക്കാനുള്ള ജനാധിപത്യ അവകാശം സ്ത്രീകൾക്കുണ്ടെന്ന് വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. തീരദേശ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ വനിതാ കമീഷൻ സംഘടിപ്പിച്ച സെമിനാർ കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബന്ധങ്ങൾ തുടരണോയെന്നത് സംബന്ധിച്ച് സ്ത്രീകൾക്കുള്ള ജനാധിപത്യ അവകാശത്തെക്കുറിച്ച് സമൂഹത്തിൽ പൊതുബോധം വളർത്തിയെടുക്കണം.
ആർജവമുള്ള മനസ്സിന്റെ ഉടമകളായി പെൺകുട്ടികളെ വളർത്തിയെടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. സമഭാവനയുടെ അന്തരീക്ഷം വീട്ടിൽ നിന്ന് തന്നെ തുടങ്ങണം. ആൺകുട്ടികളെയും പെൺകുട്ടികളെയും തുല്യരായി കാണണം. എല്ലാം സഹിക്കേണ്ടവരാണ് സ്ത്രീകൾ എന്ന ചിന്താഗതിയും ഒഴിവാക്കണമെന്നും സതീദേവി പറഞ്ഞു.
കമ്മീഷൻ അംഗങ്ങളായ അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. ഇന്ദിര രവീന്ദ്രൻ, വി.ആർ. മഹിളാമണി എന്നിവർ സംസാരിച്ചു. ‘ഗാർഹിക പീഡന നിയമങ്ങളും സംരക്ഷണ സംവിധാനങ്ങളും’ എന്ന വിഷയം വനിതാ കമ്മീഷൻ പ്രോജക്ട് ഓഫീസർ എൻ. ദിവ്യയും ‘മദ്യാസക്തി’ എന്ന വിഷയം വനിതാ കമീഷൻ റിസർച്ച് ഓഫീസർ എ.ആർ. അർച്ചനയും അവതരിപ്പിച്ചു.