പുൽപ്പള്ളി ബാങ്ക് തട്ടിപ്പ്: കെ.കെ. അബ്രഹാമിന്റേതടക്കം 4.34 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

Share our post

ന്യൂഡല്‍ഹി: വയനാട് പുൽപള്ളി സര്‍വീസ് സഹകരണബാങ്ക് വായ്പത്തട്ടിപ്പ് കേസില്‍ 4.34 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബാങ്ക് മുന്‍ പ്രസിഡന്റും കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ.കെ. അബ്രാഹാം ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അബ്രഹാമിനെ കൂടാതെ മുന്‍ സെക്രട്ടറിയുടേയും മറ്റ് ബോര്‍ഡ് അംഗങ്ങളുടേയും സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. സജീവന്‍ കെ.ടി. എന്ന സ്വകാര്യ വ്യക്തിയുടെ സ്വത്തുക്കളും ഇതില്‍ ഉള്‍പ്പെടും.

കേസല്‍ ഒന്നാംപ്രതിയായ കെ.കെ. അബ്രഹാമിനെ നേരത്തെ ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹം ഇപ്പോള്‍ റിമാന്‍ഡിലാണ്. പുൽപള്ളി  സര്‍വീസ് സഹകരണബാങ്കിന്റെ മുന്‍ ഭരണ സമിതിയുടെ കാലത്ത് കോടികളുടെ വായ്പത്തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയത്.

മുമ്പ് സഹകരണവകുപ്പും വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ ബാങ്കില്‍ എട്ടുകോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് ലോക്കല്‍ പോലീസും കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.

ഫെബ്രുവരിയില്‍ നോട്ടീസ് നല്‍കി അന്വേഷണം തുടങ്ങിയിരുന്നെങ്കിലും വായ്പത്തട്ടിപ്പിനിരയായ കര്‍ഷകന്‍ കേളക്കവല കിഴക്കെ ഇടയിലാത്ത് രാജേന്ദ്രന്‍ നായര്‍ ആത്മഹത്യചെയ്തതോടെയാണ് ഇ.ഡി. അന്വേഷണം ഊര്‍ജിതമാക്കിയത്. വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് പുല്പള്ളി സഹകരണബാങ്കിലും പ്രതികളുടെ വീടുകളിലും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ജൂണ്‍ ആദ്യവാരം പരിശോധന നടത്തിയിരുന്നു.

വായ്പത്തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായതിനെത്തുടര്‍ന്നാണ് കെ.കെ. അബ്രഹാം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചത്. വിജിലന്‍സ് രജിസ്റ്റര്‍ചെയ്ത കേസില്‍ കെ.കെ. അബ്രഹാം ഉള്‍പ്പെടെയുള്ള ഭരണ സമിതിയംഗങ്ങളും ജീവനക്കാരുമടക്കം പത്തു പ്രതികളാണുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!