ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: സൈബർ വളന്റിയർമാരെ നിയോഗിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് സൈബർ സുരക്ഷാ അവബോധം പകരുന്നതിന് പൊലീസ് സ്റ്റേഷൻ തലത്തിൽ സൈബർ വളന്റിയർമാരെ നിയോഗിക്കുന്നു. cybercrime.gov.in എന്ന നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ മുഖേനയാണ് സൈബർ വളന്റിയർ നിയമനത്തിന് അപേക്ഷിക്കേണ്ടത്. ഈ വെബ്സൈറ്റിൽ സൈബർ വളന്റിയർ എന്ന വിഭാഗത്തിൽ registration as a volunteer എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. സൈബർ അവയർനെസ് പ്രമോട്ടർ എന്ന വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി നവംബർ 25.
ഫോട്ടോ, തിരിച്ചറിയൽ രേഖ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖ മുതലായവ സമർപ്പിക്കണം. രജിസ്ട്രേഷനോ നിയമനത്തിനോ പ്രത്യേക ഫീസില്ല. സൈബർ വളന്റിയറായി ജോലി ചെയ്യുന്നതിന് പ്രതിഫലവും ഉണ്ടാകില്ല.
തെരഞ്ഞെടുക്കപ്പെടുന്ന വളന്റിയർമാർക്ക് പരിശീലനം നൽകിയ ശേഷം സ്കൂൾ, കോളേജ് വിദ്യാർഥികൾക്കും സാധാരണക്കാർക്കും സൈബർ സുരക്ഷാ അവബോധം പകരാൻ ഇവരുടെ സേവനം വിനിയോഗിക്കും.