കണ്ണൂർ വിമാനത്താവളം കെ.എസ്.ആർ.ടി.സി പുനരാരംഭിക്കുന്നു

കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ജനുവരിയിൽ പുനരാരംഭിക്കാൻ തീരുമാനം. കൊവിഡ് ലോക്ക് ഡൗണിന് മുൻപായി കണ്ണൂർ ജില്ലയിലെ പ്രധാന ടൗണുകളിലേക്കും കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കും സർവീസ് നടത്തിയിരുന്ന സർവീസുകൾ യാത്രക്കാർ കുറഞ്ഞതോടെയാണ് നിർത്തിയത്.കൊവിഡിനു ശേഷം 2021 ഫെബ്രുവരി13ന് ആരംഭിച്ച കെ.എസ്.ആർ.ടി.സിയുടെ എ.സി ലോ ഫ്‌ളോർ സർക്കുലർ ബസ് ഒരുമാസം തികയും മുൻപേയാണ് സർവീസ് അവസാനിപ്പിച്ചിരുന്നു.
വിമാന സർവീസുകൾ ഗണ്യമായി കുറഞ്ഞതോടെയാണ് യാത്രക്കാർ ഇല്ലാതായത്. അതേ സമയം വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഈ ബസ് സർവീസ് ആശ്രയമായിരുന്നു. തലശേരി, കണ്ണൂർ ഡിപ്പോകളിൽനിന്ന് ഓരോ ബസ് വീതമാണ് സർവീസ് നടത്തിയിരുന്നത്. ലോ ഫ്‌ളോർ ബസ് സർവീസ് ആരംഭിക്കുന്നതിന് മുൻപ് വിമാനത്താവളത്തിൽനിന്ന് മട്ടന്നൂർ ടൗൺ, ഇരിട്ടി, കണ്ണൂർ ടൗണുകളെ ബന്ധിപ്പിക്കുന്ന ഏക സർവീസും അവസാനിപ്പിച്ചിരുന്നു.
കണ്ണൂരിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തിരുവനന്തപുരത്തേക്ക് ആരംഭിച്ചതോടെ വിമാനത്താവളത്തിൽ സർവീസുകളും യാത്രക്കാരും വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബസ് സർവീസ് പുനരാരംഭിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചത്.