പൈതൃക മ്യൂസിയത്തിലേക്ക് വരൂ; വയനാടിനെ കണ്മുന്നില്‍ കാണാം

വയനാട്: ചുറ്റാനിറങ്ങുന്നവര്‍ക്ക് ഇനി യാത്ര അമ്പലവയലില്‍നിന്ന് തുടങ്ങാം. വയനാട് പൈതൃക മ്യൂസിയത്തിലെ മള്‍ട്ടിമീഡിയ തിയേറ്റര്‍ ഒരുതവണ സന്ദര്‍ശിച്ചാല്‍ വയനാടിന്റെ ഏകദേശ ചിത്രം കിട്ടും. വയനാടിനെ അടുത്തറിയാന്‍ എത്തുന്നവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന 22 മിനിറ്റുള്ള വീഡിയോയാണ് തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്.
വയനാടിന്റെ ചരിത്രവും സംസ്‌കാരവും നിലവിലെ സാഹചര്യങ്ങളുമെല്ലാം മനസ്സിലാക്കാന്‍ പൈതൃക മ്യൂസിയത്തിലെ മള്‍ട്ടിമീഡിയ തിയേറ്റര്‍ ഒന്നു സന്ദര്‍ശിച്ചാല്‍ മതി. പലകാരണങ്ങളാല്‍ ഏറെക്കാലം അടച്ചിട്ടിരുന്ന മള്‍ട്ടിമീഡിയ തിയേറ്റര്‍ അഞ്ചുമാസമായി സന്ദര്‍ശകര്‍ക്കായി തുറന്നിട്ടുണ്ട്.
താമരശ്ശേരി ചുരത്തിന്റെ ഉത്ഭവത്തില്‍ തുടങ്ങി പ്രാചീന സംസ്‌കൃതികളുറങ്ങുന്ന എടക്കല്‍ ഗുഹയിലൂടെ സഞ്ചരിച്ച് വയനാടിന്റെ നാനാഭാഗത്തേക്ക് പടരുന്നതാണ് 22 മിനിറ്റുള്ള വീഡിയോയുടെ ഉള്ളടക്കം.
പ്രധാനവിനോദസഞ്ചാരകേന്ദ്രങ്ങള്‍, അവിടെയുള്ള സൗകര്യങ്ങള്‍, പ്രത്യേകതകള്‍ എല്ലാം വിവരിക്കുന്നുണ്ട്. വയനാടിന്റെ ഉത്ഭവം മുതലുള്ള അറിവിന്റെ ചെറുവിവരണവുമുണ്ട്. വയനാട്ടിലെത്തുന്നവര്‍ ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലങ്ങളെ പ്രത്യേകം പരാമര്‍ശിക്കുന്നു. 65 പേര്‍ക്ക് ഇരിക്കാവുന്ന ശീതീകരിച്ച തിയേറ്ററില്‍ 10 പേരടങ്ങുന്ന സംഘത്തിന് 1000 രൂപയാണ് ചാര്‍ജ്.
പത്തില്‍കൂടുതല്‍ ആളുകളെത്തുമ്പോള്‍ ഓരോരുത്തര്‍ക്കും 50 രൂപ അധികം നല്‍കണം. പ്രവേശനനിരക്ക് അല്പം കടുംവെട്ടാണെന്ന് ഇവിടം സന്ദര്‍ശിക്കുന്നവര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഈ തിയേറ്ററിന്റെ അകംകണ്ട വയനാട്ടുകാര്‍പോലും കുറവാണ്.