‘രാജഭക്തി നോട്ടീസി’ല്‍ നടപടി; പി. മധുസൂദനന്‍ നായരെ സ്ഥലംമാറ്റി

തിരുവനന്തപുരം: രാജഭക്തി പ്രകടിപ്പിച്ച് നോട്ടീസിറക്കിയ സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി. നോട്ടീസ് തയ്യാറാക്കിയ ബോര്‍ഡിന്റെ സാംസ്‌കാരിക- പുരാവസ്തു വകുപ്പ് ഡയറക്ടര്‍ പി. മധുസൂദനന്‍ നായരെ സ്ഥലംമാറ്റി. ഹരിപ്പാട് ഡെപ്യൂട്ടി കമീഷണറായാണ് നിയമനം.
പൊതു ജനങ്ങള്‍ക്കിടയില്‍ സംഭവം ബോര്‍ഡിന് വലിയ അവമതിപ്പുണ്ടാക്കിയെന്നും അനാവശ്യവിവാദത്തിന് ഇടയാക്കിയെന്നുമാണ് ദേവസ്വം സെക്രട്ടറി ജി. ബൈജു നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ചര്‍ച്ചചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്ഥലംമാറ്റത്തിന് പിന്നാലെ മധുസൂദനന്‍ നായര്‍ 30 ദിവസത്തെ അവധിയില്‍ പ്രവേശിച്ചു.
ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട് മധുസൂദനന്‍ നായര്‍ തയ്യാറാക്കിയ നോട്ടീസ് രാജഭക്തി പ്രകടിപ്പിക്കുന്നുവെന്നായിരുന്നു വിമര്‍ശനം. രാജകുടുംബാംഗങ്ങളെ രാജ്ഞിയെന്നടക്കം ഇതില്‍ വിശേഷിപ്പിച്ചിരുന്നു. നോട്ടീസ് പിന്നീട് ദേവസ്വം ബോര്‍ഡ് ഇടപെട്ട് പിന്‍വലിച്ചു.
ക്ഷേത്രപ്രവേശനം രാജാവിന്റെ ഔദാര്യമാണെന്ന പ്രതീതി നല്‍കുന്ന നോട്ടീസിനോട് യാതൊരു തരത്തിലും യോജിപ്പില്ലെന്നും ഏതുതരത്തിലുള്ള പ്രക്ഷോഭങ്ങള്‍ക്ക് ശേഷമാണ് രാജാവ് ക്ഷേത്രപ്രവേശനവിളംബരത്തിന് തയ്യാറായതെന്ന് എല്ലാവര്‍ക്കും അറിയാമെന്നുമായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്റെ വിശദീകരണം. നോട്ടീസിനോട് ദേവസ്വം ബോര്‍ഡിന് യോജിക്കാനാകില്ലെന്നും അതിനാല്‍ മധുസൂദനന്‍ നായരോട് വിശദീകരണം ചോദിക്കാനാണ് തീരുമാനമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, നവീകരിച്ച ക്ഷേത്രപ്രവേശന വിളംബരസ്മാരക സമര്‍പ്പണ ചടങ്ങില്‍ രാജകുടുംബം പങ്കെടുത്തിരുന്നില്ല. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിയും പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായിയും ചടങ്ങില്‍നിന്നു വിട്ടുനിന്നു. കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവെക്കാതെയിരിക്കാനാണ് രാജകുടുംബം ചടങ്ങില്‍ നിന്ന് വിട്ടുനിന്നതെന്നാണ് സൂചന.
ചടങ്ങിനെത്താന്‍ സാധിക്കില്ലെന്ന് ദേവസ്വം ബോര്‍ഡിനെ ഇവര്‍ അറിയിക്കുകയായിരുന്നു. അസുഖം കാരണം എത്താന്‍ സാധിക്കില്ലെന്നാണ് അറിയിച്ചതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി. വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാജകുടുംബാംഗങ്ങളുമായി സംസാരിച്ചിട്ടില്ലെന്നാണ് അനന്തഗോപന്‍ പറഞ്ഞത്.