ജൽജീവൻ അവസാനിക്കാൻ നാലു മാസം കണ്ണൂരിൽ പകുതി, സംസ്ഥാനത്ത് 34%

കണ്ണൂർ: ഗ്രാമീണ വീടുകളിൽ ശുദ്ധജലമെത്തിക്കുന്ന ‘ജൽജീവൻ മിഷൻ’ അവസാനിക്കാൻ നാലു മാസം മാത്രം ശേഷിക്കെ, സംസ്ഥാനത്ത് നൽകിയത് 34.47 ശതമാനം കണക്ഷൻ മാത്രം. മൂന്നര വർഷം കൊണ്ടാണ് ഇത്രയും കണക്ഷനുകൾ നൽകിയത്. അടുത്ത വർഷം മാർച്ചിനകം 53.34 ലക്ഷം കണക്ഷനുകൾ നൽകുകയായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇതുവരെ നൽകിയത് 18.39 ലക്ഷം മാത്രമാണ്. 2020ലാണ് പദ്ധതി തുടങ്ങിയത്. ആകെ 69,92,537 ഗ്രാമീണ ഭവനങ്ങൾ ഉണ്ടെന്നാണ് ജല അതോറിറ്റിയുടെ കണക്ക്. 17 ലക്ഷം ഗാർഹിക കണക്ഷൻ ഉള്ളപ്പോഴാണു ജൽജീവൻ മിഷൻ പദ്ധതി ആരംഭിച്ചത്.
ഇനി ബാക്കിയുള്ള 34 ലക്ഷം കണക്ഷനുകളുടെ കാര്യം അനിശ്ചിതത്വത്തിലാണ്. ആറു ജില്ലകളിൽ മാത്രമാണു 50 ശതമാനത്തിനു മുകളിൽ ലക്ഷ്യം കൈവരിച്ചത്. കോഴിക്കോട്, ഇടുക്കി, വയനാട് ജില്ലകളിൽ 40 ശതമാനം പോലും പൂർത്തിയായിട്ടില്ല. പുതിയ കണക്ഷൻ നൽകുന്നുണ്ടെങ്കിലും ജലശുദ്ധീകരണശാലകൾ ഉൾപ്പെടെ പൂർത്തിയായാലെ വിതരണം സാദ്ധ്യമാകൂ. കണക്ഷൻ നൽകിയയിടത്തുതന്നെ ഇതുവരെ ശുദ്ധജലമെത്തിക്കാൻ കഴിഞ്ഞിട്ടില്ല. കേന്ദ്രവും സംസ്ഥാനവും ചേർന്ന് 40,203 കോടി രൂപയുടെ പദ്ധതിക്കാണു ഭരണാനുമതി ലഭിച്ചത്. പദ്ധതി നീട്ടണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ണൂരിൽ 53.34%, കാസർകോട് ഏറെ പിന്നിൽ
ആകെ 4,35,374 ഗ്രാമീണ ഭവനങ്ങളാണ് ജില്ലയിലുള്ളത്. അതിൽ 2,32,109 കണക്ഷനുകൾ നൽകി. അതായത് 53.34 ശതമാനം. ഇനി 2,03,265 കണക്ഷനുകൾ നൽകാനുണ്ട്. കാസർകോട് ജില്ലയിലാണ് ഏറ്റവും കുറവ് കണക്ഷനുകൾ നൽകിയിട്ടുള്ളത്. 2,53,552 കണക്ഷനുകൾ നൽകേണ്ട സ്ഥാനത്ത് മൂന്നര വർഷം കൊണ്ട് ലഭ്യമാക്കിയത് 74,631 കണക്ഷനുകൾ മാത്രമാണ്. വേണ്ടതിന്റെ 29.34 ശതമാനം മാത്രമാണിത്.
ജൽജീവൻ മിഷൻ
കേന്ദ്രസർക്കാർ 45 ശതമാനം വിഹിതവും സംസ്ഥാന സർക്കാർ 30 ശതമാനം വിഹിതവും ഗ്രാമപഞ്ചായത്ത് 15 ശതമാനം വിഹിതവും ഉൾപ്പെടെ 90 ശതമാനം ഗവൺമെന്റ് സബ്‌സിഡിയും 10 ശതമാനം ഗുണഭോക്തൃ വിഹിതവും എടുത്ത്, മൂന്നുവർഷം കൊണ്ട് മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളം പൈപ്പ് വഴി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ജൽജീവൻ മിഷൻ പദ്ധതി.
ഇന്ത്യയിൽ 70%
ഇന്ത്യയിലാകെ 19,24,23,471 ഗ്രാമീണ വീടുകളാണുള്ളത്. നവംബർ ആറ് വരെയുള്ള കണക്ക് പ്രകാരം 13,55,13,757 ഗാർഹിക കണക്ഷനുകൾ നൽകി. ആവശ്യമുള്ളതിന്റെ 70.42 ശതമാനമാണ് ഇത്.