ആറളം ഫാമിലെ കുടുംബങ്ങളെ സംരക്ഷിക്കും : കുടിയിറക്കാനുള്ള നീക്കം ചെറുക്കും-ആദിവാസി ഗോത്ര ജനസഭ

Share our post

ഇരിട്ടി : ആറളം ഫാമിൽ ഭൂമി അനുവദിച്ച രണ്ടായിരത്തിലധികം കുടുംബങ്ങളുടെ പട്ടയം റദ്ദാക്കുന്നതിനുള്ള സർക്കാർ തീരുമാനത്തിന് ഇരയാകുന്നതിൽ 90 ശതമാനവും ഫാമിന്റെ യഥാർഥ അവകാശികളായ പണിയ വിഭാഗമാണെന്ന് ആദിവാസി ദളിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ പറഞ്ഞു.

ആറളം ഫാമിൽ നടന്ന ആദിവാസി ഗോത്ര ജനസഭ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആറളം ഫാം രൂപവത്‌കരണ കാലത്ത് ഫാമിൽ നിന്ന് കുടിയിറക്കപ്പെട്ടവരാണ് ജില്ലയിലെ ഭൂരിഭാഗം പണിയ കുടുംബങ്ങളും. ഫാം കേന്ദ്രസർക്കാരിൽ നിന്ന്‌ ഏറ്റെടുക്കാൻ തീരുമാനിച്ച കാലഘട്ടത്തിൽ പണിയരുടെ പുനരധിവാസമാണ് ലക്ഷ്യമിട്ടിരുന്നത്. കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസികൾ കൊല്ലപ്പെട്ടതോടെ പൊതുവേ ദുർബലരായ പണിയ വിഭാഗങ്ങൾ ഫാം ഉപേക്ഷിച്ചു പോകാൻ നിർബന്ധിതരാവുകയായിരുന്നു.

ആനമതിൽ നിർമാണം അടിയന്തരമായി പൂർത്തീകരിച്ച് പണിയ വിഭാഗങ്ങളിലെ കുടുംബാംഗങ്ങളെ ഫാമിൽ തിരിച്ചെത്തിക്കണം. പട്ടയം റദ്ദ് ചെയ്യുന്നതിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗോത്ര ജനസഭ പ്രസിഡന്റ് പി.കെ. കരുണാകരൻ അധ്യക്ഷനായി. ഭാസ്‌കരൻ തലക്കുളം, ടി.സി. കുഞ്ഞിരാമൻ, യശോദ നാരായണൻ, ബാലൻ നെല്യാട് എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!