കടലിൽ കഴിഞ്ഞത് ആറ് മണിക്കൂർ; ജീവിതത്തിലേക്ക് നീന്തിയെത്തി ജിജോ

ജീവിതത്തോണിയുടെ കൈ പിടിച്ച് ജിജോ അലക്‌സ് കരയണഞ്ഞത് ആറ് മണിക്കൂർ നീണ്ട അനിശ്‌ചിതത്വത്തിനൊടുവിൽ. ജീവിതത്തിനും മരണത്തിനുമിടയിൽ മുന്നോട്ടില്ലെന്ന് ചിന്തിച്ച നിമിഷം. കൈകാൽ കുഴഞ്ഞ് മരണത്തിന്റെ പിടിയിലേക്ക് വഴുതുമ്പോൾ നീട്ടുവള്ളക്കാരായ മത്സ്യതൊഴിലാളികളാണ് രക്ഷപെടുത്തിയത്. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് പനച്ചുവട് ഈരേശേരിൽ ജോസഫിന്റെ മകൻ ജിജോ അലക്‌സ് (37) ആണ് മരണത്തെ മുഖാമുഖം കണ്ട് മണിക്കൂറുകൾ കടലിൽ കഴിഞ്ഞത്.
തൃക്കുന്നപ്പുഴ സുരേഷിന്റെ ഉടമസ്ഥതയിലുള്ള പടന്നയിൽ നമ്പർ വൺ എന്ന ഇൻ ബോർഡ് മത്സ്യബന്ധന വള്ളത്തിൽ സഹപ്രവർത്തകർക്ക് ഒപ്പമാണ് ജിജോ പോയത്. പുറക്കാടുനിന്ന് ബുധൻ രാത്രി 11.30ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട വള്ളത്തിൽ 45 സഹപ്രവർത്തകരും ഉണ്ടായിരുന്നു. ജോലി കഴിഞ്ഞ് വ്യാഴം പുലർച്ചെ 5.30ന് തോട്ടപ്പള്ളി ഹാർബറിൽ വള്ളം ആങ്കറിലിടാൻ എത്തിയപ്പോഴാണ് ജിജോ വള്ളത്തിലില്ലെന്ന് തിരിച്ചറിഞ്ഞത്. ഇയാൾ കാൽവഴുതി വെള്ളത്തിൽ വീണത് സഹപ്രവർത്തകർ അറിഞ്ഞില്ല. ഉടൻ തോട്ടപ്പളളി തീരദേശ പൊലീസിനെ അറിയിച്ചു.
പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് കായംകുളം എൻ.ടി.പി.സി.ക്ക് പടിഞ്ഞാറ് കടലിൽ നീട്ടുവള്ളക്കാർ ജിജോയെ രക്ഷപെടുത്തിയത്. ജിജോയെ പിന്നീട് അമ്പലപ്പുഴ പൊലീസ് ജീപ്പിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലന്ന് ഡോക്ടർമാർ അറിയിച്ചു.