മലബാർ റിവർ ക്രൂസ്: 29 ബോട്ട് ടെർമിനലുകളായി, ബാക്കിയുള്ളവ ഡിസംബറിൽ

കണ്ണൂർ : മലബാർ റിവർ ക്രൂസ് പദ്ധതിയിൽ കണ്ണൂർ, കാസർകോട് ജില്ലകളിലായി 29 ബോട്ട് ടെർമിനലുകളുടെ നിർമാണം പൂർത്തിയായി. ബാക്കിയുള്ളവ ഡിസംബറിൽ പൂർത്തിയാക്കി പ്രവർത്തനത്തിനായി ഡി.ടി.പി.സി.ക്ക് കൈമാറും. 80 കോടി രൂപ ചെലവിലാണ് പദ്ധതി. 14 ടെർമിനലുകൾ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് നിർമിക്കുന്നത്.
ഇവയിൽ മൂന്നെണ്ണം കാസർകോട്ടാണ്. മറ്റുള്ളവയുടെ തുക അനുവദിച്ചത് കേന്ദ്ര സർക്കാരാണ്. ഓരോ ടെർമിനലിന്റെയും നിർമാണത്തിന് വ്യത്യസ്ത തുകയാണ് അനുവദിച്ചത്. ഇത് ഒന്നു മുതൽ അഞ്ച് കോടി രൂപ വരെയാകും. ടൂറിസം സാധ്യതകൾ ലക്ഷ്യമിട്ട് ബോട്ട് ടെർമിനലുകളോടു ചേർന്ന് പാർക്കിങ്, ഭക്ഷണശാല സൗകര്യങ്ങളുമൊരുക്കും.
വർഷംതോറും വലിയ ജനപങ്കാളിത്തമുണ്ടാകുന്ന മംഗലശ്ശേരി വള്ളംകളി കാണാനായി ഗാലറിയും നിർമിക്കും. ഇവയുടെ നടത്തിപ്പ് സംബന്ധിച്ച് സർക്കാർ പ്രവർത്തനപദ്ധതി തയ്യാറാക്കും.
പൂർത്തിയായത്
മമ്പറം, പാറപ്രം, ധർമടം, പറശ്ശിനിക്കടവ്, മോന്താൽ, ന്യൂമാഹി, ചേരിക്കൽ, കവ്വായി, പുന്നക്കടവ്, മുനമ്പക്കടവ് -ഒന്ന്, മുനമ്പക്കടവ് -രണ്ട്, കുപ്പം, കക്കടവ്, പാത്തിക്കൽ, കരിയാട്, പെരിങ്ങത്തൂർ, ചെറുകുന്ന്, പട്ടുവം, മംഗലശ്ശേരി, അഴീക്കൽ ബോട്ടുപാലം, വളപട്ടണം, തെക്കുമ്പാട്, മാട്ടൂൽ നോർത്ത്, വാടിക്കൽ, മുട്ടിൽ, താവം എന്നിവിടങ്ങളിലാണ് കണ്ണൂർ ജില്ലയിലെ ടെർമിനലുകൾ പണി പൂർത്തിയായത്. കാസർകോട്ടെ മൂന്ന് ടെർമിനലുകളും പൂർത്തിയായി.
അവസാനഘട്ടത്തിൽ
നാറാത്ത്, പാപ്പിനിശ്ശേരി- ഒന്ന്, പാപ്പിനിശ്ശേരി-രണ്ട്, പാമ്പുരുത്തി -ഒന്ന്, പാമ്പുരുത്തി -രണ്ട്, മാട്ടൂൽ സൗത്ത്, അഴീക്കൽ ഫെറി, മടക്കര എന്നിവിടങ്ങളിലാണ് പണി പൂർത്തിയാകാനുള്ളത്. ഇതിൽ നാറാത്ത് ടെർമിനലിന്റേത് 95 ശതമാനവും പൂർത്തിയായി.
മലബാർ റിവർ ക്രൂസ് എട്ട് പുഴകളിൽ
കണ്ണൂരിലെയും കാസർകോട്ടെയും പുഴകളെയും കായലുകളെയും ഉൾപ്പെടുത്തി ടൂറിസം വകുപ്പ് വിഭാവനം ചെയ്യുന്ന പദ്ധതിയാണ് മലബാർ റിവർ ക്രൂസ്. കണ്ണൂർ ജില്ലയിലെ വളപട്ടണം, കുപ്പം, പെരുമ്പ, കവ്വായി, അഞ്ചരക്കണ്ടി, മാഹി എന്നീ പുഴകളും കാസർകോട്ടെ തേജസ്വിനി, ചന്ദ്രഗിരി പുഴകളും വലിയപറമ്പ കായലും പരിസര പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് പദ്ധതി. വിവിധ ഇടങ്ങളിലേക്ക് യാത്രികരെ കൊണ്ടു പോകുന്ന ക്രൂസ് ബോട്ടുകളും അവയ്ക്ക് യാത്രചെയ്യാനുളള ജലമാർഗവും കണ്ടെത്തി രൂപ കൽപ്പനചെയ്ത് പ്രവർത്തന സജ്ജമാക്കും.
15 ക്രൂസ് ബോട്ടുകൾ, 10 സ്പീഡ് ബോട്ടുകൾ, നാല് സുരക്ഷാ ബോട്ടുകൾ, കടലിൽ പോകാവുന്ന രണ്ട് ബോട്ടുകൾ, നാല് ഫ്ളോട്ടിങ് മാർക്കറ്റുകൾ, രണ്ട് ഫ്ളോട്ടിങ് ഭക്ഷണശാലകൾ, ജലകായിക ഉപകരണങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ മുതലായവ ഉൾപ്പെട്ടതാണ് ഈ പദ്ധതി.