ഓൺലൈൻ റമ്മി നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

ചെന്നൈ: ഓൺലൈൻ ചൂതാട്ടം നിരോധിച്ച് തമിഴ്നാട് സർക്കാർ കൊണ്ടു വന്ന നിയമം ഓൺലൈൻ റമ്മിക്കും ബാധകമാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. ബുദ്ധിയും കഴിവും ഉപയോഗിക്കാതെ കേവലം ഭാഗ്യ പരീക്ഷണമായി പണം വെച്ചുകളിക്കുന്ന ഓൺലൈൻ ഗെയിമുകൾക്കുള്ള നിരോധനം നിലനിൽക്കും.
സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം കൊണ്ടുവന്ന നിയമത്തെ ചോദ്യം ചെയ്ത് ഇന്ത്യ ഗെയ്മിങ് ഫെഡറേഷനും ചില ഓൺലൈൻ ഗെയ്മിങ് കമ്പനികളും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് ഭാഗികമായി അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് വി. ഗംഗാപുരവാലയും ജസ്റ്റിസ് പി.ഡി. ആദികേശവലവുമടങ്ങുന്ന ബെഞ്ച് വ്യാഴാഴ്ച വിധി പ്രസ്താവിച്ചത്. നിയമം പൂർണമായി റദ്ദാക്കണമെന്ന ഹർജിക്കാരുടെ ആവശ്യം നിരാകരിച്ചു.