കരിങ്കല്ലും തൂക്കി വിൽക്കും; പാറമടകളിൽ വെയ്ബ്രിഡ്ജുകൾ വേണം

പാറമടകളിൽ കരിങ്കല്ല് തൂക്കിവിൽക്കും. സർക്കാർ നിർദേശമനുസരിച്ചാണിത്. ഇതിനെത്തുടർന്ന് പാറമടകളിൽ വെയ്ബ്രിഡ്ജുകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് ഉടമകൾ. സംസ്ഥാനത്തെ ചില പാറമടകളിൽ നേരത്തേതന്നെ ടൺ കണക്കാക്കി തൂക്കിക്കൊടുക്കുന്നുണ്ടായിരുന്നു. എന്നാൽ, ടണ്ണിന് എത്ര രൂപവരെ ഈടാക്കാമെന്നതിൽ സർക്കാർ നിർദേശം വന്നിട്ടില്ല.
ക്വാറികളിൽനിന്ന് പോകുന്ന പാറയുടെ കണക്കറിയാനും അതിനെ അടിസ്ഥാനമാക്കി ചരക്കുനീക്കത്തിന് പാസ് അനുവദിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് വ്യക്തമാക്കി. വെയ്ബ്രിഡ്ജുകൾ സ്ഥാപിക്കാൻ സമയപരിധി നൽകിയിട്ടില്ല. തൂക്കം നിലവിൽ വരുന്നതോടെ പാറയുടെയും ഉപോത്‌പന്നങ്ങളുടെയും വില വർധിക്കുമെന്ന ആശങ്കയുണ്ട്. നിലവിൽ പല വിലയ്ക്കാണ് വിൽക്കുന്നത്. തൂക്കം വരുന്നതോടെ ഏകീകൃതമാവാൻ സാധ്യതയുണ്ട്. വാഹനങ്ങളിൽ അമിത ലോഡ് കയറ്റുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഒഴിവാകും.