സംസ്ഥാനത്ത് പൊലീസ് സ്റ്റേഷന്‍ ചുമതല എസ്.ഐമാര്‍ക്ക് തിരിച്ചു നല്‍കും

Share our post

സംസ്ഥാനത്ത് പൊലീസ് സ്റ്റേഷനുകളുടെ ഘടനയില്‍ വീണ്ടും മാറ്റം വരുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ചുമതല ഇന്‍സ്‌പെക്ടര്‍മാരില്‍ നിന്നും എസ്.ഐമാര്‍ക്ക് തിരിച്ചു നല്‍കും. സ്റ്റേഷന്‍ ഭരണം ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കിയ പരിഷ്‌ക്കാരം പാളിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

2018 നവംബര്‍ ഒന്നിന് അന്നത്തെ പൊലീസ് മേധവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആദ്യ പരിഷ്‌ക്കരണം നടന്നത്. സംസ്ഥാനത്ത 472 പൊലീസ് സ്റ്റേഷനുകളുടെ ഭരണം എസ്.ഐമാരില്‍ നിന്നും ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൈമാറി. എസ്.ഐമാരുടെ തസ്തിക ഇന്‍സ്‌പെക്ടര്‍ റാങ്കിലേക്ക് ഉയര്‍ത്തുകയും 218 പേര്‍ക്ക് കൂട്ടത്തോടെ സ്ഥാനകയറ്റം നല്‍കുകയും ചെയ്തു. സ്റ്റേഷന്‍ പ്രവര്‍ത്തനം കുറേക്കൂടി കാര്യക്ഷമാക്കാന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കഴിയുമെന്നായിരുന്നു അന്നത്തെ വിലയിരുത്തല്‍.

ഇതോടെ രണ്ട് സ്റ്റേഷന്റെ ചുമതല നോക്കിയിരുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഒരു സ്റ്റേഷന്റെ ചുമതലയിലേക്ക് ഒതുങ്ങി. പക്ഷെ പരിഷ്‌ക്കരണം കൊണ്ട് വേണ്ടത്ര പ്രയോജനം ഉണ്ടായില്ലെന്ന് എസ്.പിമാരുടെയും എ.ഡി.ജി.പിമാരുടെയും യോഗത്തില്‍ വിമര്‍ശനമുണ്ടായി. ഇക്കാര്യം പരിശോധിക്കാന്‍ വേണ്ടി ഡി.ജി.പി ടി.കെ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ നാലംഗ സമിതിയുണ്ടാക്കി. നാലുവര്‍ഷം പിന്നിടുമ്പോള്‍ പരിഷ്‌ക്കരണം നേട്ടത്തെക്കാള്‍ കൂടുതല്‍ കോട്ടമുണ്ടാക്കിയെന്നാണ് സമിതിയുടെ റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ ചില പ്രധനപ്പെട്ട സ്റ്റേഷനുകളില്‍ ഒഴികെ മറ്റ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാര്‍ക്ക് തിരികെ നല്‍കാനും മേല്‍നോട്ട ചുമതലകളിലേക്ക് ഇന്‍സ്‌പെക്ടര്‍മാരെ മടക്കികൊണ്ടുവരാനുമാണ് സമിതിയുടെ ശുപാര്‍ശ. കേസുകള്‍ കുറവുള്ള 210 സ്റ്റേഷനുകളിലെ ഭരണം ആദ്യ ഘട്ടത്തില്‍ എസ്.ഐമാര്‍ക്ക് നല്‍കാനാണ് നിര്‍ദ്ദേശം. എസ്.ഐമാരുടെ റാങ്ക് പട്ടിക നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പേരെ ഇപ്പോള്‍ നിയോഗിക്കാനും കഴിയും.

തിരുവനന്തപുരം കന്റോണ്‍മെന്റ്, മ്യൂസിയം, കഴക്കൂട്ടം, എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍, കോഴിക്കോട് നടക്കാവ് തുടങ്ങിയ ഹെവി സ്റ്റേഷനുകളുടെ ചുമതല ഇന്‍സ്‌പെക്ടര്‍മാരില്‍ തന്നെ നിലനിര്‍ത്തും. സ്റ്റേഷനുകളില്‍ നിന്നും പിന്‍വലിക്കുന്ന ഇന്‍സ്‌പെക്‌സര്‍മാരെ പോക്‌സോ, സൈബര്‍, സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണങ്ങള്‍ക്കായി വിനിയോഗിക്കും. ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് ഈ ശുപാര്‍ശ നടപ്പിലാക്കാനാണ് നീക്കം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!