ഭാര്യാപിതാവിനെ മരുമകന്‍ വെട്ടിക്കൊന്നു; ആക്രമണത്തില്‍ ഭാര്യക്കും ഗുരുതരപരിക്ക്

ഇടുക്കി: നെടുങ്കണ്ടം കൗന്തിയില്‍ ഭാര്യാപിതാവിനെ യുവാവ് വെട്ടിക്കൊന്നു. പുതുപ്പറമ്പില്‍ ടോമിയാണ് കൊല്ലപ്പെട്ടത്. മരുമകനായ മാവടി സ്വദേശി ജോബിന്‍ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നമാണ് കൊലപാതക കാരണമെന്നാണ് വിവരം. ആക്രമണത്തില്‍ ടോമിയുടെ മകളും ജോബിന്റെ ഭാര്യയുമായ ടിന്റുവിന് ഗുരുതരമായി പരിക്കേറ്റു.
ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ടിന്റുവും ഭര്‍ത്താവ് ജോബിനും കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് മാറിതാമസിക്കുകയായിരുന്നു. ഇതിനിടെ ടിന്റു മറ്റൊരാളെ വിവാഹംകഴിച്ചു. ഇതിനെ തുടര്‍ന്നാണ് ഇവരുടെ വീട്ടിലേക്കെത്തിയ ജോബിന്‍ രണ്ടുപേരേയും ആക്രമിച്ചത്. ഇരുവരേയും വെട്ടിക്കൊലപ്പെടുത്താനായിരുന്നു ശ്രമം.
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിക്കുന്നതിന് മുന്നേ ടോമി മരിച്ചിരുന്നു. ടിന്റുവിനെ വിദഗ്ധചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കസ്റ്റഡിയിലുള്ള ജോബിന്റെ അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് പോലീസ്.