ഗർഭാശയ അർബുദം കുറയുന്നു; സ്തനാർബുദം കൂടുന്നു

Share our post

തൃശ്ശൂർ: അർബുദവുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടെ ചില ആശ്വാസ വാർത്തകളും. സ്ത്രീകളുടെ ജീവന് ഏറെ ഭീഷണിയായിരുന്ന ഗർഭാശയമുഖാർബുദം ഇന്ത്യയിൽ കുറയുന്നുവെന്നതാണ് പ്രധാനം. എന്നാൽ, സ്തനാർബുദത്തിന്റെ വളർച്ച ആശങ്കയുണ്ടാക്കുന്നുണ്ട്. മൊത്തം രോഗികളുടെ എണ്ണവും കൂടുകയാണ്. ഇപ്പോഴത്തെ നിലയിൽ 2040 ആകുമ്പോഴേക്കും രാജ്യത്ത് പ്രതിവർഷം 20 ലക്ഷം രോഗികൾ വരുമെന്നുമാണ് വിലയിരുത്തൽ. മുംബൈയിൽ അടുത്തിടെ സമാപിച്ച ഇന്ത്യൻ കാൻസർ കോൺഗ്രസിലാണ് വിവിധ അഭിപ്രായങ്ങളുയർന്നത്.

ഗർഭാശയമുഖാർബുദം 1990-ലെ കണക്കനുസരിച്ച് ഒരു ലക്ഷത്തിന് 16.65 എന്ന അനുപാതത്തിലായിരുന്നു. 2019 ആയപ്പോൾ ഇത് 13.1 എന്ന നിലയിലെത്തി. അവതരിപ്പിക്കപ്പെട്ട കണക്കുപ്രകാരം ഇതിപ്പോൾ ലക്ഷത്തിന് ഏഴ് മുതൽ എട്ട് വരെ എന്ന അനുപാതത്തിലാണ്. വർധിച്ച വ്യക്തി ശുചിത്വവും ശൗചാലയ സൗകര്യങ്ങളും രോഗത്തിന്റെ തോത് കുറയാൻ പ്രധാന കാരണങ്ങളാണ്. മികച്ച ചികിത്സാരീതികളും കാരണമാണ്. കുത്തിവെപ്പ് വ്യാപകമാകുന്നതോടെ ഇതിനെ പൂർണമായി വരുതിയിലാക്കാനാകുമെന്നാണ് പ്രതീക്ഷ.

അതേസമയം സ്താനാർബുദത്തിന്റെ ശതമാനത്തിൽ വളർച്ചയാണുള്ളത്. സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ- 28.8 ശതമാനം സ്തനാർബുദമാണ്. 2017-ൽ ഇത് 25.8 ശതമാനമായിരുന്നു. അർബുദരോഗികളുെട ജനസംഖ്യാനുപാതത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ നില പല പടിഞ്ഞാറൻ രാജ്യങ്ങളെക്കാളും മെച്ചമാണ്. കാനഡയിലും ബ്രിട്ടനിലും ഒരു ലക്ഷം പേരിൽ 300 മുതൽ 350 വരെ പേർക്ക് രോഗബാധയുണ്ട്. എന്നാൽ, പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിലിത് 100-110 നിരക്കിലാണ്. നിലവിൽ ഇവിടെ 14 ലക്ഷം രോഗികളാണ് പ്രതിവർഷം ഉണ്ടാകുന്നത്.

ലക്ഷണം കണ്ടുപിടിക്കാൻ എളുപ്പം

രോഗബാധയ്ക്കു മുൻപായി ലക്ഷണങ്ങൾ കണ്ടുപിടിക്കാൻ കഴിയുന്നതാണ് ഗർഭാശയമുഖാർബുദം കുറയാൻ പ്രധാന കാരണം. രോഗമുണ്ടാക്കുന്ന എച്ച്.പി.വി. വൈറസിനെ തടയാൻ കഴിയുന്നുണ്ട്. സാമൂഹിക രീതികൾ മാറാൻ താമസമെടുക്കുന്നതാണ് സ്തനാർബുദത്തിന്റെ തോത് കുറയാതിരിക്കാൻ കാരണം. ജീവിതശൈലിയുണ്ടാക്കുന്ന പൊണ്ണത്തടിയും മറ്റും ഇത്തരം അസുഖങ്ങൾക്ക് കാരണമാകാം. ജീവിതരീതി മാറുന്നതിനനുസരിച്ച് കുറവു വരാമെന്ന് പ്രത്യാശിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!