മൊബൈല്‍ ഫോണ്‍ ഉപഭോക്താവിന് ‘യുണീക് കസ്റ്റമര്‍ ഐഡി’; തട്ടിപ്പുകള്‍ പിടിക്കാന്‍ എളുപ്പവഴി

Share our post

ന്യൂഡല്‍ഹി: മൊബൈല്‍ വരിക്കാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ (യുണീക്ക് കസ്റ്റമര്‍ ഐഡി) നല്‍കാനൊരുങ്ങി സര്‍ക്കാര്‍ തീരുമാനം. താമസിയാതെ തന്നെ പുതിയ സംവിധാനം നടപ്പാക്കിയേക്കും. ഫോണ്‍ കണക്ഷനുകള്‍ക്ക് വേണ്ടിയുള്ള തിരിച്ചറിയല്‍ ആവശ്യങ്ങള്‍ക്കായി ഈ ഐഡി ഉപയോഗിക്കാം. ഉപഭോക്താക്കളെ സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണിത്.

ആധാര്‍ കാര്‍ഡുമായി ബന്ധപ്പിച്ചുകൊണ്ടുള്ള ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ഹെല്‍ത്ത് അക്കൗണ്ട് (എബിഎച്ച്എ) ഹെല്‍ത്ത് ഐഡിയ്ക്ക് സമാനമാണിത്. ചികിത്സാ വിവരങ്ങള്‍ എളുപ്പം അറിയാനും ഡോക്ടര്‍മാര്‍ക്കും ഇന്‍ഷുറന്‍സ് സേവനദാതാക്കള്‍ക്കും എളുപ്പം വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഹെല്‍ത്ത് ഐഡി ഉപയോഗിക്കുക.

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ എന്തിന്?

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്നതുവഴി ആ ഉപഭോക്താവിന്റെ എല്ലാ മൊബൈല്‍ കണക്ഷനുകളെയും ഒരു തിരിച്ചറിയല്‍ രേഖയുമായി ബന്ധിപ്പിക്കാനാവും. നിലവില്‍ ആധാര്‍ കാര്‍ഡ് ആണ് പ്രധാന തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുന്നത്. ഉപഭോക്താവ് ഏതെല്ലാം സിം കണക്ഷനുകള്‍ ഉപയോഗിക്കുന്നുണ്ട്, എവിടെനിന്നാണ് വാങ്ങിയത് തുടങ്ങിയ വിവരങ്ങള്‍ പിന്തുടരാനും ഈ പ്രത്യേക തിരിച്ചറിയല്‍ നമ്പറിലൂടെ സാധിക്കും.

ഒരു ഉപഭോക്താവിന് നിശ്ചിത പരിധിയില്‍ (ഒമ്പത്) കൂടുതല്‍ കണക്ഷനുകള്‍ നല്‍കുന്നില്ലെന്ന് ഉറപ്പാക്കാനും ഈ സംവിധാനത്തിലൂടെ കഴിയും. നിലവില്‍ എഐ, ഫേസ് ഡിറ്റക്ഷന്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വിവിധ സേവന പരിധികളില്‍ ടെലികോം വകുപ്പ് പ്രത്യേക പരിശോധനകള്‍ നടത്തിയാല്‍ മാത്രമേ അതിന് സാധിക്കൂ.

സിം ഉപയോഗിക്കുന്നത് ആരാണ് എന്ന് വ്യക്തമാക്കേണ്ടി വരും

കുടുംബത്തിലെ ആര്‍ക്ക് വേണ്ടിയാണ് കണക്ഷന്‍ എടുക്കുന്നത് അല്ലെങ്കില്‍ ആരാണ് സിം കണക്ഷന്‍ ഉപയോഗിക്കുക എന്ന് വ്യക്തമാക്കാനും ഉപഭോക്താക്കളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും. വിവര സംരക്ഷണ നിയമ പ്രകാരം കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കാന്‍ ഇത് സഹായകമാവുമെന്നാണ് കണക്കുകൂട്ടല്‍.

ട്രാക്കിങ് എളുപ്പം

ഒരു പ്രത്യേക ഐഡിയുമായി ബന്ധിപ്പിക്കുന്നതിലൂടെ മൊബൈല്‍ നമ്പറുകള്‍ പിന്തുടരുക അധികൃതര്‍ക്ക് എളുപ്പമാവും. ഒപ്പം ഉപഭോക്താക്കളുടെ പ്രായം, ലിംഗഭേദം, വരുമാനം, വിദ്യാങ്യാസം, ജോലി ഉള്‍പ്പടെ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ മൊബൈല്‍ ഉപയോഗ രീതി സംബന്ധിച്ച വിശകലനങ്ങള്‍ക്കും ഈ സംവിധാനം സഹായകമാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!