പി.എസ്.സി. മുദ്രയും പേരും ദുരുപയോഗം ചെയ്താല്‍ നടപടി

തിരുവനന്തപുരം: പി.എസ്.സി.യുടെ മുദ്രയോ സമാനമായ പേരോ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നതിനെതിരേ കമ്മിഷന്‍ നിയമ നടപടിക്കൊരുങ്ങുന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകള്‍, ടെലിഗ്രാം ചാനലുകള്‍, ഫേസ്ബുക്ക് പേജ്, യുട്യൂബ് ചാനല്‍ തുടങ്ങിയവയില്‍ സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും പി.എസ്.സി.യുടെ മുദ്രയും പേരും ദുരുപയോഗിക്കുന്നതിനെതിരേയാണ് നടപടി.
ഇവയെല്ലാം കമ്മിഷന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ സംവിധാനമാണെന്ന് ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കൂടാതെ പി.എസ്.സി.യുടെ അംഗീകൃത കോഴ്സുകള്‍ എന്ന രീതിയില്‍ തെറ്റായി പരസ്യം ചെയ്ത് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതായി കമ്മിഷന്‍ അറിയിച്ചു.
ഔദ്യോഗിക അറിയിപ്പുകള്‍, വാര്‍ത്തകള്‍ എന്നിവ നല്‍കുന്ന അംഗീകൃത പത്ര-ദൃശ്യമാധ്യമങ്ങള്‍ ഒഴികെ വ്യക്തികളും സ്ഥാപനങ്ങളും പി.എസ്.സി.യുടെ പേരും മുദ്രയും ചിത്രങ്ങളും ഉപയോഗിക്കുന്നത് കുറ്റകരമാണ്. ഇത് അതീവ ഗൗരവത്തോടെ കമ്മിഷന്‍ നിരീക്ഷിക്കുമെന്ന് പത്രക്കുറിപ്പില്‍ പി.എസ്.സി. അറിയിച്ചു.