കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം മൂന്നാം വർഷത്തിലേക്ക്; പുത്തൻ പാക്കേജുകളുമായി രംഗത്ത്

കണ്ണൂർ: പോക്കറ്റ് കാലിയാകാതെ ഉല്ലാസയാത്ര പോകാൻ കെ.എസ്.ആർ.ടി.സി അവതരിപ്പിച്ച ബഡ്ജറ്റ് ടൂർ പദ്ധതി വിജയകരമായ മൂന്നാം വർഷത്തിലേക്ക്. 2021 നവംബർ 1ന് ആരംഭിച്ച പദ്ധതി രണ്ട് വർഷം പിന്നിടുമ്പോൾ പറയാൻ ലാഭ ക്കണക്കു മാത്രം. നഷ്ടത്തിലായിപ്പോയ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം രംഗത്തേക്കെത്തിയപ്പോൾ ധാരാളം വിമർശനങ്ങളും ഉയർന്നിരുന്നു.
എന്നാൽ ഈ വിമർശനങ്ങളെയെല്ലാം കാറ്റിൽ പറത്തിയാണ് കോടികളുടെ വരുമാനം നേടി കെ.എസ്.ആർ.ടി.സി ജൈത്രയാത്ര തുടരുന്നത്. വിജയകരമായ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ കണ്ണൂരിൽ നിന്നുള്ള പുതിയ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെ.എസ്.ആർ.ടി.സി. ഗവി, വാഗമൺ, മൂന്നാർ, റാണിപുരം തുടങ്ങി മനസിനെ കുളിരണിയിക്കുന്ന നിരവധി കാഴ്ചകൾ കാണാനും ആസ്വദിക്കാനും കഴിയുന്ന അവസരങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
കണ്ണൂരുകാർക്ക് ഇനി പുറപ്പെടാം
വാഗമൺ, മൂന്നാർ
നവംബർ 10, 24 തീയതികളിലാണ് യാത്ര. വൈകിട്ട് 5ന് കണ്ണൂർ ഡിപ്പോയിൽ നിന്ന് ആരംഭിക്കും. തൊട്ടടുത്ത തിങ്കളാഴ്ച തിരിച്ചെത്തും.
ഗവി
വാഗമൺ, മൂന്നാർ യാത്രകൾ പുറപ്പെടുന്ന 10, 24 തീയതികളിലാണ് ഗവിയിലേക്കുള്ള ബസും പുറപ്പെടുക. രണ്ട് ദിവസമാണ് യാത്ര. കുമളി, കമ്പംമേട് എന്നിവടങ്ങൾ സന്ദർശിക്കും.
മൂന്നാർ
മൂന്നാറിലേക്കുള്ള യാത്ര നവംബർ 17ന് പുറപ്പെടും. കാന്തല്ലൂരും സന്ദർശിക്കും. വൈകിട്ട് ഏഴിനാണ് ആരംഭിക്കും. താമസം മാത്രമായിരിക്കും പാക്കേജിൽ ഉൾപ്പെടുന്നത്.
പൈതൽമല
നവംബർ 5, 19 തീയതികളിലാണ് യാത്ര. പാലക്കയംതട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. രാവിലെ 6.30ന് ബസ് പുറപ്പെടും. രാത്രി 9ന് തിരിച്ചെത്തും. ഭക്ഷണവും പ്രവേശന ഫീസും ഉൾപ്പെടുന്നതാണ് പാക്കേജ്.
റാണിപുരം, ബേക്കൽ
നവംബർ 12 ന് രാവിലെ 6ന് കണ്ണൂരിൽ നിന്ന് ബസ് പുറപ്പെടും. രാത്രി 9ന് കണ്ണൂരിൽ തിരിച്ചെത്താം. ഭക്ഷണവും പ്രവേശന ഫീസുകളും ഈ പാക്കേജിൽ ഉൾപ്പെടും.
വയനാട്
നവംബർ 5, 12, 19, 26 തീയതികളിൽ യാത്ര. രാവിലെ 6ന് പുറപ്പെട്ട് രാത്രി 11ന് തിരിച്ചെത്തും. ഹണി മ്യൂസിയം, തുഷാരഗിരി, എൻ ഊര്, പൂക്കോട് തടാകം. ഭക്ഷണം, പ്രവേശന ഫീസ് എന്നിവ ഉൾപ്പെടും.