മാലിന്യ മുക്തമാക്കാന്‍ ‘ഗ്രീന്‍ ക്ലീന്‍ വയനാട് ‘ പദ്ധതിയൊരുങ്ങുന്നു

Share our post

കല്‍പറ്റ: വയനാടിനെ മാലിന്യമുക്തമാക്കുന്നതിനായി ശുചിത്വമിഷന്‍ ‘ഗ്രീന്‍ ക്ലീന്‍ വയനാട്’ പ്രചാരണം തുടങ്ങും. അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ നിന്നും ടൂറിസംമേഖലയില്‍ നിന്നും പ്രത്യേക തുക ഈടാക്കുന്ന രീതിയിലാണ് പദ്ധതി. രൂപരേഖ സംസ്ഥാന സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും. രൂപരേഖ തയ്യാറാക്കുന്നതിനായി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഞ്ചംഗസമിതിയെ തിരഞ്ഞെടുത്തു.

ഗ്രീന്‍ ക്ലീന്‍ വയനാട് പദ്ധതിയില്‍ ഗ്രീന്‍ ഗേറ്റ്‌സ്, ഗ്രീന്‍ സെസ്, ഗ്രീന്‍ ഫീ എന്നീ മൂന്നുതരത്തിലാണ് നടപ്പാക്കുക. ഗ്രീന്‍ ഗേറ്റ് ജില്ലയിലെ അതിര്‍ത്തിപ്രദേശങ്ങളിലെ ചെക്‌പോസ്റ്റുകള്‍ കേന്ദ്രീകരിച്ചാണ് നടക്കുക. ചെക്‌പോസ്റ്റുകളിലൂടെ കടന്നുപോകുന്ന ജില്ലയ്ക്കു പുറത്തുള്ളതും സംസ്ഥാനത്തിനു പുറത്തുള്ളതുമായ വാഹനങ്ങളില്‍നിന്ന് നിശ്ചിതശതമാനം തുക ഈടാക്കും.

ലക്കിടി, വടുവന്‍ചാല്‍, താളൂര്‍, മുത്തങ്ങ, ബത്തേരി-ഗൂഡല്ലൂര്‍ റോഡ്, തോല്‌പെട്ടി, ബാവലി, ബോയ്‌സ് ടൗണ്‍, പേര്യ, നിരവില്‍പ്പുഴ, നമ്പ്യാര്‍കുന്ന് എന്നീ അതിര്‍ത്തി ചെക്‌പോസ്റ്റുകളാണ് പദ്ധതിയുടെ പരിധിയില്‍വരുന്നത്.ചെക്‌പോസ്റ്റുകളില്‍ പ്രത്യേകം പരിശോധനയും ഒരുക്കും. കാമ്പയിനിന്റെ ഭാഗമായി മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് പരിശോധനയും യാത്രക്കാര്‍ക്ക് ബോധവത്കരണവും നടത്തും.

ടൂറിസം കേന്ദ്രങ്ങളില്‍ ഗ്രീന്‍ സെസ്

ഗ്രീന്‍ സെസ് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍വഴിയാണ് നടപ്പാക്കുന്നത്. എല്ലാ സര്‍ക്കാര്‍, സ്വകാര്യ വിനോദസഞ്ചാരകേന്ദ്രങ്ങളിലും ടിക്കറ്റിനോടൊപ്പം നിശ്ചിത തുക ഈടാക്കും. ഗ്രീന്‍ ഫീ റിസോര്‍ട്ടുകളെയും ഹോംസ്റ്റേകളെയും കേന്ദ്രീകരിച്ചാണ് നടത്തുന്നത്.

റിസോര്‍ട്ട്, ഹോംസ്റ്റേ എന്നിവിടങ്ങളിലെ ഓരോ മുറിക്കും നിശ്ചിത ഫീ ഏര്‍പ്പെടുത്തും. ഇത്തരത്തില്‍ ഈടാക്കുന്ന തുക തദ്ദേശസ്വയംഭരണസ്ഥാപനത്തിലെ മാലിന്യസംസ്‌കരണപ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്. അനധികൃതമായി മാലിന്യംതള്ളുന്നവരെ കണ്ടെത്താന്‍ വിവിധയിടങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുക, മാലിന്യകേന്ദ്രങ്ങള്‍ ശുചിയാക്കുക, യാത്രക്കാര്‍ക്ക് ഭക്ഷണംകഴിക്കാനുള്ള ഇടം തയ്യാറാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തുക. സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളെയും ഭാഗമാക്കും.

തദ്ദേശസ്വയംഭരണവകുപ്പ്, ശുചിത്വമിഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ വിവിധ സര്‍ക്കാര്‍വകുപ്പുകളെയും ഏജന്‍സികളെയും പങ്കാളികളാക്കും. ജനകീയപങ്കാളിത്തവും ഉറപ്പാക്കും.അശാസ്ത്രീയമായും നിയമവിരുദ്ധമായും മാലിന്യം കൈകാര്യംചെയ്യുന്നതിനെതിരേ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കൃത്യമായി നടപടിയെടുക്കും.

പൊതുസ്ഥലങ്ങളിലും മറ്റും വാഹനങ്ങളില്‍ മാലിന്യംതള്ളുന്നവര്‍ക്കെതിരേ പോലീസും മോട്ടോര്‍വാഹനവകുപ്പും നിയമനടപടി സ്വീകരിക്കും. മറ്റു സര്‍ക്കാര്‍വകുപ്പുകള്‍ സ്വന്തം മേഖലയില്‍ മാലിന്യസംസ്‌കരണപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കും.

യോഗത്തില്‍ കളക്ടര്‍ ഡോ. രേണു രാജ് അധ്യക്ഷത വഹിച്ചു. എ.ഡി.എം. എന്‍.ഐ. ഷാജു, തദ്ദേശസ്വയംഭരണവകുപ്പ് ജോയന്റ് ഡയറക്ടര്‍ ബെന്നി ജോസഫ്, എ.എസ്.പി. വിനോദ് പിള്ള, ജില്ലാ ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ (ഐ.ഇ.സി.) കെ. റഹീം ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!