സപ്ലൈകോയ്ക്ക് മൂക്കുകയറിടാൻ ഉറപ്പിച്ച് ധനവകുപ്പ്

Share our post

തിരുവനന്തപുരം: സപ്ലൈകോയ്ക്ക് മൂക്കുകയറിടാൻ ഉറപ്പിച്ച് ധനവകുപ്പ്. നിലവിലെ പ്രതിസന്ധിക്ക് കാരണം സപ്ലൈകോ മാനേജ്മെന്റിന്‍റെ പിടിപ്പു കേടാണെന്ന് മന്ത്രി തുറന്നടിച്ചതിന് പിന്നാലെ ചോദിക്കുന്ന പണമത്രയും കൊടുത്ത് സപ്ലൈകോയെ നിലനിര്‍ത്താനാകില്ലെന്ന നിലപാടാണ് ധനവകുപ്പിനുള്ളത്.

അതേ സമയം സംസ്ഥാന സര്‍ക്കാര്‍ കുടിശിക തീര്‍ത്ത് നൽകാതെ വിപണി ഇടപെടൽ പോലും സാധ്യമല്ലെന്ന് സപ്ലൈകോയും വ്യക്തമാക്കുന്നു. വിലക്കയറ്റത്തിന്‍റെ കാലത്ത് വിപണി ഇടപെടൽ പൂര്‍ണ്ണമായും പാളി. 13 ഇനം അവശ്യസാധനങ്ങൾക്ക് വിലക്കയറ്റം ഉണ്ടാകില്ലെന്ന പിണറായി സര്‍ക്കാരിന്റെ വാദ്ഗാനം പോലും പെരുവഴിയിലാണ്.

കുടിശിക തീര്‍ക്കാതെ വിപണി ഇടപെടൽ സാധ്യമല്ലെന്ന് വിലപേശിത്തുടങ്ങിയതോടെയാണ് ഇതുവരെ കൊടുത്ത തുകയുടെ കണക്ക് ധനവകുപ്പ് നിരത്തുന്നത്. മുപ്പത് മാസത്തിനിടെ വില നിയന്ത്രണത്തിനും വിപണി ഇടപെടലിനും നെല്ല്‌ സംഭരണത്തിനുമായി സപ്ലൈകോയ്ക്ക് നൽകിയത്‌ 7943.26 കോടി രൂപയാണ്.

വിപണി ഇടപെടലിന്‌ 3058.9 കോടിയും കർഷകരിൽ നിന്ന്‌ നെല്ല്‌ സംഭരണത്തിന്‌ 1294.36 കോടിയും നൽകി. ബാങ്ക് വായ്‌പയായി 3600 കോടി ലഭ്യമാക്കി. വിപണി ഇടപെടലിന്‌ ഈ വർഷം നാല് മാസത്തിനിടെ 190.9 കോടി രൂപ അനുവദിച്ചു. ബജറ്റിൽ വാർഷിക വകയിരുത്തൽ 190 കോടി മാത്രമെന്നിരിക്കെയാണ് ഇത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!