റിജുവിന്റെ വരയിൽ പിറന്നു ശിശുദിന സ്റ്റാമ്പ്

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിനി റിജു എസ്. രാജേഷിന്റെ വരയിൽ പിറന്നത് ഇത്തവണത്തെ ശിശുദിന സ്റ്റാമ്പ്. ‘കുട്ടികൾക്കിണങ്ങിയ ലോകം’ എന്ന വിഷയത്തിൽ ശിശുക്ഷേമ സമിതി സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച സംസ്ഥാനതല ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത 338 പേരെ പിൻതള്ളിയാണ് റിജു ഒന്നാമതെത്തിയത്. ലളിതകലാ അക്കാദമി മുൻ ചെയർമാൻ നേമം പുഷ്പരാജാണ് ചിത്രം തിരഞ്ഞെടുത്തത്.
എറണാകുളം അയിരൂർ സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്. എറണാകുളം കുറുമശ്ശേരി അമ്പാട്ടുപറമ്പിൽ പോസ്റ്റുമാനായ എ.എസ്. രാജേഷിന്റേയും ഷബാനാ രാജേഷിന്റേയും ഇരട്ട പുത്രന്മാരിൽ ഒരാളാണ് റിജു. സഹോദരി റിഥി ഇതേ സ്കൂളിൽ തന്നെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.
14ന് തിരുവനന്തപുരത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശിശുദിന സ്റ്റാമ്പ് പുറത്തിറക്കും. റിജുവിനും പഠിക്കുന്ന സ്കൂളിനുമുള്ള പുരസ്കാരങ്ങളും റോളിംഗ് ട്രോഫിയും യോഗത്തിൽ നൽകും.