പോക്സോ കേസ് പ്രതിയായ 66കാരന് 43 വർഷം കഠിനതടവ്
ആലപ്പുഴ : പതിമൂന്ന് വയസുള്ള പെൺകുട്ടിയെ നിരന്തരം ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ 66 കാരന് 43 വർഷവും മൂന്ന് മാസവും കഠിന തടവും 2,10000 രൂപ പിഴയും വിധിച്ചു. ചേർത്തല പൊലീസ് 2017 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ആലപ്പുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജ് ആഷ് കെ ബാൽ ശിക്ഷ വിധിച്ചത്. തങ്കച്ചനെന്നും ചാക്കോച്ചനെനും വിളിപേരുള്ള പള്ളിപ്പുറം പഞ്ചായത്തിൽ തിരുനല്ലൂർ കളത്തിക്കരിവീട്ടിൽ വർക്കി ചാക്കോ (66)യെയാണ് കോടതി ശിക്ഷിച്ചത്. കളിക്കാനും ടെലിവിഷൻ കാണാനായും ചെന്ന കുട്ടിയെയാണ് തുടർച്ചയായി ഇയാൾ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.
പിഴത്തുകയിൽ 1,50,000 രൂപ കുട്ടിക്ക് നൽകാനും വിധിയിൽ നിർദ്ദേശമുണ്ട്. 16 വയസിൽ താഴെയുള്ള കുട്ടി എന്ന നിലയിൽ 15 വർഷവും ഒന്നിൽ കൂടുതൽ തവണ പീഡിപ്പിച്ചതിന് 10 വർഷവും പ്രതി ബന്ധുവായതിനാൽ 12 വർഷവും അതിക്രമത്തിന് അഞ്ച് വർഷവും ബലപ്രയോഗത്തിന് ഒരു വർഷവും ഭീഷണിപ്പെടുത്തലിന് മൂന്ന് മാസവും എന്ന കണക്കിലാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. സീമ ഹാജരായി