ഉലകനായകന് 69, പിറന്നാളാശംസകളുമായി ചലച്ചിത്ര-സാംസ്കാരികലോകം

Share our post

സിനിമാ സ്നേഹികളെ സംബന്ധിച്ചിടത്തോളം കമൽഹാസൻ വെറും ചലച്ചിത്രതാരം മാത്രമല്ല, ഒരു വികാരമാണ്. സിനിമയിൽ അദ്ദേഹം കൈവെയ്ക്കാത്ത മേഖലകളില്ല. മക്കൾ നീതി മയ്യവുമായി രാഷ്ട്രീയത്തിലും പുത്തൻ ചിത്രങ്ങളുമായി സിനിമയിലും സജീവമായി നിൽക്കുകയാണ്. ചൊവ്വാഴ്ച 69-ാം പിറന്നാൾ ആഘോഷിക്കുന്ന സകലകലാ വല്ലഭന് ജന്മദിനാശംസകൾ നേരുകയാണ് ചലച്ചിത്ര-സാംസ്കാരികലോകം.

നടനെന്നതിനുപരി സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭാശാലിയാണ് കമൽ ഹാസനെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ കുറിച്ചു. മതനിരപേക്ഷ, പുരോഗമനാശയങ്ങൾ മുറുകെപ്പിടിക്കുന്ന പൊതുപ്രവർത്തകൻ കൂടിയാണദ്ദേഹം. കലാമേഖലയിലെ സംഭാവനകൾക്കൊപ്പം ഈ സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തിന് ജനഹൃദയങ്ങളിൽ വലിയ ഇടം നൽകി. കേരളത്തെ സ്വന്തം നാടെന്ന നിലയിൽ കാണുന്ന കമൽ നാം കൈവരിച്ച സാമൂഹിക പുരോഗതിയിൽ അഭിമാനം കൊള്ളുന്നുവെന്നും പിണറായി പറഞ്ഞു.

പിറന്നാളാശംസകൾ കമൽ സർ എന്നാണ് മമ്മൂട്ടി ട്വീറ്റ് ചെയ്തത്

തങ്ങളെല്ലാവരും ആരാധിച്ചുകൊണ്ട് വളർന്ന നടനും ഇതിഹാസവും മാതൃകയുമാണ് കമൽഹാസനെന്ന് നടൻ പ്രഭാസ് ഇൻസ്റ്റാ​ഗ്രാമിൽ സ്റ്റോറിയായി പോസ്റ്റ് ചെയ്തു. അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുള്ള സൗഭാ​ഗ്യമുണ്ടായെന്നും പ്രഭാസ് പോസ്റ്റ് ചെയ്തു.

കമൽഹാസന് മുൻകൂറായി പിറന്നാളാശംസകൾ നേർന്ന് സംവിധായകൻ ലോകേഷ് കനകരാജും രം​ഗത്തെത്തി. വിക്രം 2-ന്റെ ലോകത്തേക്ക് നിങ്ങളെ എല്ലാവരേയും കാത്തിരിക്കുന്നുവെന്നും ലോകേഷ് ട്വീറ്റ് ചെയ്തു.

നിങ്ങൾ എത്രമാത്രം സ്നേഹിക്കപ്പെടുന്നുവെന്നും ആരാധിക്കപ്പെടുന്നുവെന്നും പ്രകടിപ്പിക്കാൻ വാക്കുകൾക്ക് കഴിയുന്നില്ല എന്നാണ് നടി ഖുശ്ബു ട്വീറ്റ് ചെയ്തത്. മൈക്കൽ മദൻ കാമ രാജൻ, വെട്രി വിഴാ, സിങ്കാരവേലൻ എന്നീചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

കമൽ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനും പിതാവിന് പിറന്നാളാശംസകളുമായെത്തി. ഏത് പെൺകുട്ടിക്കും ആവശ്യപ്പെടാവുന്ന പിതാവും സുഹൃത്തുമാണ് നിങ്ങൾ എന്നാണ് ഇൻസ്റ്റാ​ഗ്രാം പോസ്റ്റിൽ ശ്രുതി പറയുന്നത്. നിങ്ങൾ എന്റെ ജീവിതം പ്രചോദനം കൊണ്ട് നിറയ്ക്കുന്നു.

നിങ്ങൾക്ക് എക്കാലത്തെയും മികച്ച ഒരു വർഷവും, നിരവധി നിരവധി വർഷങ്ങൾ നിങ്ങളുടെ അപൂർവ, ഉജ്ജ്വലമായ മാജിക് ഞങ്ങളുമായി പങ്കിടണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു അച്ഛാ, നിങ്ങൾ ശരിക്കും എല്ലാ കാര്യങ്ങളുടെയും OG റോക്ക് സ്റ്റാർ ആണ്”. ശ്രുതി ഹാസൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം പിറന്നാളാഘോഷത്തോടനുബന്ധിച്ച് ചെന്നൈയിൽ ഒരു പാർട്ടി കമൽഹാസൻ സംഘടിപ്പിച്ചിരുന്നു. സിനിമാ മേഖലയിൽ നിന്നുള്ള നിരവധിപേർ ആഘോഷത്തിനെത്തിയിരുന്നു. സൂര്യ, പാർത്ഥിപൻ, ആമിർ ഖാൻ, ഛായാ​ഗ്രാഹകൻ രവി.കെ. ചന്ദ്രൻ തുടങ്ങിയവർ അതിഥികളായെത്തിയവരിൽ ചിലരാണ്.

മണിരത്നം സംവിധാനം ചെയ്യുന്ന ത​ഗ് ലൈഫ്, ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2, നാ​ഗ് അശ്വിൻ ഒരുക്കുന്ന കൽക്കി എന്നിവയാണ് കമൽഹാസന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!